ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ഉത്സവ-ആറാട്ട്
ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രമെന്നാണ് ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം അറിയപ്പെടുന്നത്. പൈങ്കുനി ഉത്സവം, അല്‍പ്പശി ഉത്സവം എന്നിങ്ങനെ രണ്ട് ഉത്സവങ്ങള്‍ ക്ഷേത്രത്തിലുണ്ട്. മീനത്തിലെ (മാര്‍ച്ച് – ഏപ്രില്‍) രോഹിണി നാളില്‍ ആരംഭിച്ച് ചിത്തിര നക്ഷത്രത്തില്‍ സമാപിക്കുന്നതാണ് പൈങ്കുനി ഉത്സവം. അല്‍പ്പശി ഉത്സവം തുലാമാസത്തിലെ (ഒക്ടോബര്‍ – നവംബര്‍) അത്തം നക്ഷത്രത്തില്‍ ആരംഭിച്ച് തിരുവോണത്തിന് സമാപിക്കും.
ഈ രണ്ടുത്സവങ്ങളുടേയും പ്രധാന ആകര്‍ഷണമാണ് പള്ളിവേട്ടയും ആറാട്ടും. ആറാട്ടു ഘോഷയാത്ര ക്ഷേത്രത്തില്‍ നിന്ന് ആരംഭിച്ച് ശംഖുമുഖം കടല്‍ത്തീരത്താണ് നടത്തുക. തിരുവിതാംകൂര്‍ രാജകുടുംബത്തിലെ മുതിര്‍ന്ന വ്യക്തിയായിരിക്കും പള്ളിവാളുമായി ഘോഷയാത്രയ്ക്ക് അകമ്പടി സേവിക്കുക. ഒപ്പം അലങ്കരിച്ച ആനകള്‍, കുതിരകള്‍, പോലീസ് വിഭാഗങ്ങള്‍ തുടങ്ങിയവയും ഉണ്ടാകും.
പത്മനാഭ സ്വാമി ക്ഷേത്രത്തിലെ അല്‍പശി, പൈങ്കുനി ആറാട്ട് ഘോഷയാത്രയുടെ ഭാഗമായി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിന്റെ റണ്‍വേ അന്നേദിവസങ്ങളില്‍ വൈകുന്നേരം അഞ്ച് മണിക്കൂര്‍ നേരത്തേക്ക് അടച്ചിടും.1932 -ല്‍ വിമാനത്താവളം സ്ഥാപിതമായ കാലം മുതല്‍ പിന്തുടരുന്ന ഒരു നടപടിയാണിത്. ക്ഷേത്രത്തിന്റെ പരമ്പരാഗത അവകാശികള്‍ തിരുവിതാംകൂര്‍ രാജവംശക്കാരാണ്. എല്ലാ വര്‍ഷവും പരമ്പരാഗത ആറാട്ട് ഘോഷയാത്രയുടെ (ആറാട്ടു ദേവതയുടെ ആചാരപരമായ കുളി) സമയത്ത് വിമാനത്താവളം, വിമാന സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കാറുണ്ട്. ഇത് വര്‍ഷത്തില്‍ രണ്ട് തവണയാണ് നടക്കുന്നത്. പൈങ്കുനി ഉത്സവത്തിനും അല്പശി ഉത്സവത്തിനുമാണ് ഇത്തരത്തില്‍ വിമാനത്താവളം അടച്ചിട്ട് ഉത്സവം നടക്കുന്നത്. രണ്ട് ഉത്സവങ്ങളിലും ഭഗവാന്‍ ശംഖുമുഖം കടപ്പുറത്താണ് ആറാടുന്നത്.
പത്മനാഭ സ്തുതികളുമായി ആയിരങ്ങളാണ് ഘോഷയാത്ര കാണാനെത്തുന്നത്. ദീപാരാധന കഴിഞ്ഞാണ് ആറാട്ട് എഴുന്നള്ളിപ്പ്. ക്ഷേത്രം വക ഗജവീരന്‍ മുമ്പിലും തൊട്ടു പിന്നില്‍ തിരുവിതാംകൂര്‍ സൈന്യം ടിപ്പുസുല്‍ത്താന്റെ സൈന്യത്തെ തുരത്തിയോടിച്ചപ്പോള്‍ പിടിച്ചെടുത്ത പച്ചനിറത്തിലുള്ള കോടിയേന്തിയ ഗജവീരനും പിന്നാലെ അശ്വാരൂഢ സേന, വാളും പരിചയും ധരിച്ച നായര്‍ പടയാളികള്‍, ഗരുഡവാഹനത്തില്‍ ശ്രീ പദ്മനാഭസ്വാമിയേയും നരസിംഹമൂര്‍ത്തിയേയും ശ്രീകൃഷ്ണസ്വാമിയേയും പുറത്തേയ്‌ക്കെഴുന്നെള്ളിക്കും.
ക്ഷേത്ര സ്ഥാനി മൂലം തിരുന്നാള്‍ രാമവര്‍മ ഉടവാളുമേന്തി വിഗ്രഹങ്ങള്‍ക്ക് അകമ്പടി സേവിക്കും. തിരുവല്ലം പരശുരാമ ക്ഷത്രം, നടുവത്ത് മഹാവിഷ്ണു ക്ഷത്രം, അരകത്ത് ദേവി ക്ഷേത്രം, ചെറിയ ഉദ്ദേശ്വരം ക്ഷേത്രം എന്നിവിടങ്ങളില്‍ നിന്നുള്ള വിഗ്രഹങ്ങളും ഒപ്പം ചേരും. വള്ളക്കടവില്‍ മുസ്‌ലിം സമുദായാംഗങ്ങളുടെ ഹാര്‍ദമായ വരവേല്‍പ്പുണ്ടാകും. വിമാനത്താവളത്തിനകത്തു കൂടി ശംഖുമുഖത്തേയ്ക്കാണ് ആറാട്ടു ഘോഷയാത്ര കടന്നു പോകുന്നത്. മൂന്നു തവണ കടലില്‍ ആറാടിയ ശേഷം ഘോഷയാത്ര തിരികെ ക്ഷേത്രത്തിലേക്ക് തിരിക്കും.