‘പാർക്ക് 900’റമദാൻ ഒന്നു മുതൽ
ഖത്തറിലെ പ്രധാന വിനോദ കേന്ദ്രങ്ങളിലൊന്നായ ‘900 പാർക്ക്’ (നയൻ ഹണ്ട്രഡ് പാർക്ക്) റമദാനിൽ സന്ദർശകർക്കായി വീണ്ടും തുറന്നുനൽകും. ഭക്ഷ്യ വിഭവങ്ങളും വിനോദ പരിപാടികളും കളിയിടങ്ങളും കുട്ടികൾക്കുള്ള വിനോദ മേഖലകളും മ്യൂസിക്കും ഡാൻസും ഉൾക്കൊള്ളുന്ന പാർക്ക് റമദാൻ ഒന്നിനുതന്നെ തുറന്നുനൽകുമെന്ന് അധികൃതർ അറിയിച്ചു.
ടിക്കറ്റ് അടിസ്ഥാനത്തിലാണ് പ്രവേശനം ഏർപ്പെടുത്തുന്നത്. 12 വയസ്സിന് മുകളിലുള്ളവർക്ക് 25 റിയാലാണ് ടിക്കറ്റ് നിരക്ക്. കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്. രാത്രി ഏഴ് മുതൽ പുലർച്ച രണ്ടുവരെയാണ് പ്രവർത്തന സമയം. ആഴ്ചയിൽ എല്ലാ ദിവസവും പാർക്ക് പ്രവർത്തിക്കും. ലോകകപ്പിന് തൊട്ടുമുമ്പായാണ് ‘900 പാർക്ക്’പ്രവർത്തനമാരംഭിച്ചത്. ലോകകപ്പ് വേളയിൽ വിവിധ വിനോദ പരിപാടികളും മറ്റുമായി സജീവമായ പാർക്ക് പിന്നീട് നവീകരണത്തിനായി അടച്ചിരുന്നു. 45,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് എല്ലാ സംവിധാനങ്ങളോടെയും ഈ വിനോദകേന്ദ്രം ഒരുക്കിയത്.
നവംബർ 10 മുതൽ ഡിസംബർ 31 വരെയുള്ള ദിനങ്ങളിൽ 1.40 ലക്ഷം പേരാണ് പാർക്ക് സന്ദർശിച്ചത്. അൽഖാസർ മെട്രോ സ്റ്റേഷൻ പരിധിയിൽ ഇന്റർകോണ്ടിനെന്റൽ ബീച്ച് ഹോട്ടലിന് അടുത്തായാണ് പാർക്ക്.