പാലക്കാട് വൻ സ്പിരിറ്റ് വേട്ട
പാലക്കാട് കൊഴിഞ്ഞാമ്പറയിൽ 1400 ലിറ്റർ സ്പിരിറ്റുമായി സിപിഐഎം അഞ്ചാംമൈൽ ബ്രാഞ്ച് സെക്രട്ടറി അടക്കം മൂന്ന് പേർ പിടിയിലായി. എക്സൈസിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ വണ്ണാമടയിൽ നടത്തിയ പരിശോധനയിൽ തെങ്ങിൻതോപ്പിൽ കുഴിച്ചിട്ട നിലയിൽ സ്പിരിറ്റ് നിറച്ച കന്നാസുകൾ കണ്ടെത്തുകയായിരുന്നു. 25 കന്നാസുകളിലായി 800 ലിറ്റർ സ്പിരിറ്റാണ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് സ്പിരിറ്റ് ഒളിപ്പിച്ച സിപിഐഎം അഞ്ചാംമൈൽ ബ്രാഞ്ച് സെക്രട്ടറി വി.കണ്ണൻ, വണ്ണാമട സ്വദേശി പ്രഭു എന്നിവരെ അറസ്റ്റ് ചെയ്ത് നടത്തിയ ചോദ്യം ചെയ്യലിൽ നിന്നാണ് മണൽതോട് ഭാഗത്തും സ്പിരിറ്റ് ഒളിപ്പിച്ചിട്ടുണ്ട് എന്ന വിവരം എക്സൈസിന് ലഭിച്ചത്. ഇവിടെ നടത്തിയ പരിശോധനയിൽ 17 കന്നാസുകൾ കൂടി കണ്ടെത്തി.
ആകെ 42 കന്നാസുകളിൽ ആയാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. കള്ള് നിർമ്മിക്കാൻ സൂക്ഷിച്ചവയെന്നാണ് പ്രാഥമിക നിഗമനം. പ്രതികൾക്ക് സ്പിരിറ്റ് എവിടെ നിന്ന് ലഭിച്ചു എന്ന് അടക്കമുള്ള കാര്യങ്ങൾ എക്സൈസ് അന്വേഷിച്ചു പോരുകയാണ്.