ഭീകരാക്രമണം; ഉത്തരവാദിത്തം ഏറ്റെടുത്ത് തെഹ്രിക് ഇ താലിബാന്
പാക്കിസ്ഥാനിലെ പെഷാവറിലെ പള്ളിയിലുണ്ടായ ചാവേര്‍ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം തെഹ്രിക് ഇ താലിബാന് ഏറ്റെടുത്തു. നിരോധിത സംഘടനയാണ് തെഹ്രിക് ഇ താലിബാന് പാകിസ്ഥാന്. അതിനിടെ പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് പെഷാവറിലെത്തി. ചാവേര്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 44 ആയി. 157 പേര്‍ക്ക് പരുക്കേറ്റു. പ്രാദേശിക സമയം ഉച്ചയ്ക്ക് 1.40 നായിരുന്നു പെഷാവറിലെ അതീവ സുരക്ഷാമേഖലയായ പൊലീസ് ലൈന്‍സ് ഏരിയയിലെ പള്ളിയില്‍ സ്ഫോടനമുണ്ടായത്. പള്ളിയില്‍ പ്രാര്‍ഥന നടക്കുമ്പോള്‍ മുന്‍നിരയില്‍ ഉണ്ടായിരുന്ന ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. പലരും സംഭവസ്ഥലത്തുതന്നെ മരിച്ചു. സ്ഫോടനത്തിന്റെ ആഘാതത്തില്‍ പള്ളിയുടെ മേല്‍ക്കൂര തകര്‍ന്നുവീണു. അവശിഷ്ടങ്ങള്‍ക്കിടയില്‍ നൂറുകണക്കിനാളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ട്.
രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. പരുക്കേറ്റവരെ ലേഡി റീഡിങ് ആശുപത്രിയിലേക്ക് മാറ്റി. പലരുടെയും നില ഗുരുതരമാണ്. പെഷവാര്‍ പൊലീസിന്റെയും ഭീകരവിരുദ്ധ സേനയുടെയും ആസ്ഥാനത്തിന് സമീപമാണ് സ്ഫോടനമുണ്ടായത്. അതീവ സുരക്ഷാമേഖലയായ ഇവിടെ മുന്നൂറിനും നാനൂറിനും ഇടയ്ക്ക് പൊലീസുകാര്‍ സ്ഥിരമായി ഉണ്ടാവാറുണ്ട്. സുരക്ഷാ വീഴ്ച സംഭവിച്ചെന്നും കൂടുതല്‍ കാര്യങ്ങള്‍ അന്വേഷണത്തിലൂടെ മാത്രമെ വ്യക്തമാകൂവെന്നും പെഷാവര്‍ പൊലീസ് മേധാവി ഇജാസ് ഖാന് പറഞ്ഞു. പ്രധാനമന്ത്രി ഷഹബാസ് ഷെരീഫും മുന്‍ പ്രധാനമന്ത്രി ഇമ്രാന് ഖാനും അടക്കമുള്ളവര്‍ സ്ഫോടനത്തെ അപലപിച്ചു.