മധുരനാരങ്ങയുടെ മേളക്ക്​ തുടക്കം

 മധുരനാരങ്ങയുടെ മേളക്ക്​ തുടക്കം

പലതരം പഴവർഗങ്ങളുടെ പറുദീസയായ സൗദിയിലെ ഹരീഖിൽ മധുരനാരങ്ങയുടെ മേളക്ക്​ തുടക്കം. ഏഴാമത്​ ഓറഞ്ചുത്സവത്തിനാണ്​ ഇക്കഴിഞ്ഞ വ്യാഴാഴ്​ച ഹരീഖ്​ പട്ടണത്തിലെ ഈദ്​ ഗാഹിനോട്​ ചേർന്നുള്ള മുനിസിപ്പാലിറ്റിയുടെ മേളനഗരിയിൽ തുടക്കം കുറിച്ചിരിക്കുന്നത്​. വിവിധയിനം ഓറഞ്ചും മുസംബിയും മാത്രമല്ല ഈത്തപ്പഴവും അത്തിപ്പഴവും തേനും അനുബന്ധ ഉൽപന്നങ്ങളും ഈ കാർഷിക മേളയിൽ അണിനിരന്നിട്ടുണ്ട്​.

വർഷംതോറുമുള്ള മേള റിയാദ് ഗവർണർ ഫൈസൽ ബിൻ ബന്ദർ ബിൻ അബ്​ദുൽ അസീസിന്റെ രക്ഷാകർതൃത്വത്തിൻ കീഴിലാണ്​ നടക്കുന്നത്​. ഹരീഖ് ഗവർണറേറ്റും റിയാദ്​ ചേമ്പർ ഓഫ്​ കോമേഴ്​സ്​ ആൻഡ്​ ഇൻഡസ്​ട്രിയും ടൂറിസം ആൻഡ്​ നാഷനൽ ​ഹെരിറ്റേജ്​ ജനറൽ അതോറിറ്റിയുമാണ്​ സംഘാടകർ. ഹരീഖ്​​ അമീറും ടൂറിസം ഡവലപ്​മെൻറ്​ കമ്മിറ്റി ചെയർമാനുമായ മുഹമ്മദ്​ ബിൻ നാസർ അൽജബ്ര മേള ഉദ്​ഘാടനം ചെയ്​തു. ഭക്ഷ്യസുരക്ഷയുടെ കാര്യത്തിൽ ഗവൺമെൻറ്​ പുലർത്തുന്ന താൽപര്യത്തിന്റെ നിദർശനമാണ്​ ഇത്തരം ഫെസ്​റ്റിവലുകളെന്ന്​ കാർഷിക മന്ത്രാലയം ഡയറക്​ടർ ജനറൽ എൻജി. ഖാലിദ്​ അൽസനാ പറഞ്ഞു. പ്രദേശിക കൃഷിക്കാരെയും ഉദ്​പാദകരെയും പ്രോത്സാഹിപ്പിക്കുന്നതിനും അവരെ ശക്തിപ്പെടുത്തുന്നതിനും​ മേളകൾ വലിയ പങ്കാണ്​ വഹിക്കുന്നത്​. സീസണലായി മാത്രം വിളയുന്ന ഒരു പഴവർഗത്തെ ഒരു ദേശീയ ഉൽപന്നമായി ഉയർത്തികാട്ടുന്നതിനും ഒപ്പം സാമ്പത്തിക, ടൂറിസം രംഗങ്ങളുടെ അഭിവൃദ്ധിക്കും ഓറഞ്ചുത്സവം തനതായ സംഭാവന അർപ്പിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അടുത്ത ബുധനാഴ്​ച വരെ തുടരുന്ന മേള എല്ലാ ദിവസവും രാവിലെ ഒമ്പത്​ മുതൽ രാത്രി ഒമ്പതുവരെയാണ്​. പ്രദർശനവും വിൽപനയുമാണ്​ ഇവിടെ നടക്കുന്നത്​. ഓറഞ്ചി​െൻറ വ്യത്യസ്​ത ഇനങ്ങളുടെ 46 പവിലിയനുകളാണ്​ മേള നഗരിയിലുള്ളത്​. ഈത്തപ്പഴത്തി​െൻറ 12 പവിലിയനുകളും തേനുൽപന്നങ്ങളുടെ 22 പവിലിയനുകളും അത്തിപ്പഴം, ഒലിവ്​, മറ്റ്​ പഴവർഗങ്ങൾ, അനുബന്ധ ഉൽപന്നങ്ങൾ എന്നിവയുടെ വേറെ ഒ​ട്ടേറെ സ്​റ്റാളുകളും ഉണ്ട്​. ഇതിന്​ പുറമെ ഭക്ഷണശാലകളും കഫേകളും ഗഹ്​വയും ഈത്തപ്പഴവും കഴിച്ച്​ വിശ്രമിക്കാനുള്ള ഹാളുകളും വിവിധ വിനോദപരിപാടികളും ഓറഞ്ചിന്റെയും അത്തിയുടെയും മറ്റും തൈകൾ പ്രദർശനത്തിനും വിൽപനക്കുംവെച്ച നഴ്​സറി പവിലിയനുകളും വിപുലമായി ഒരുക്കിയിട്ടുണ്ട്​.​ ഹരീഖി​െൻറ കാർഷിക ചരിത്രം പറയുന്ന പവിലിയനും കൂട്ടത്തിലുണ്ട്​.