ഓപൺ സർവകലാശാല; ബിരുദ, ബിരുദാനന്തര അപേക്ഷ ഇന്ന് മുതൽ
കൊല്ലം ശ്രീനാരായണഗുരു ഓപൺ യൂനിവേഴ്സിറ്റിയിൽ പുതുതായി അംഗീകാരം ലഭിച്ച ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകൾക്കുള്ള അപേക്ഷ ബുധനാഴ്ച മുതൽ ഓൺലൈനായി സമർപ്പിക്കാം. മാർച്ച് 31ആണ് അവസാന തീയതി. അപേക്ഷകർ www.sgou. ac.in എന്ന വെബ്സൈറ്റിലെ apply for admission എന്ന ലിങ്കിൽ കൊടുത്തിട്ടുള്ള നിർദേശാനുസരണം അപേക്ഷിക്കണം. ഓൺലൈനായി മാത്രമേ ഫീസ് അടക്കാൻ കഴിയൂ.
അപേക്ഷ സമർപ്പിച്ചുകഴിയുമ്പോൾ അപേക്ഷകർക്ക് കംപ്ലീഷൻ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്തെടുക്കാം. ഒറിജിനൽ സർട്ടിഫിക്കറ്റ് വെരിഫിക്കേഷനുള്ള തീയതി അപേക്ഷകർക്കു തന്നെ തെരഞ്ഞെടുക്കാനുള്ള സൗകര്യം പോർട്ടലിലുണ്ട്. നാല് ബി.എ പ്രോഗ്രാമുകളും രണ്ട് എം.എ പ്രോഗ്രാമുകളുമാണ് രണ്ടാം ഘട്ടത്തിലുള്ളത്. ബി.എ ഇക്കോമിക്സ്, ബി.എ ഹിസ്റ്ററി, ബി.എ ഫിലോസഫി, ബി.എ സോഷ്യോളോജി, എം.എ ഹിസ്റ്ററി, എം.എ സോഷ്യോളോജി എന്നിവക്കാണ് ജനുവരി – ഫെബ്രുവരി സെഷനിൽ അപേക്ഷ ക്ഷണിച്ചത്. പഠിതാക്കൾക്ക് ഒരു സെമസ്റ്ററിൽ 20 ഓളം ക്ലാസുകൾ നേരിട്ട് ലഭിക്കും.
സർവകലാശാല ആസ്ഥാനത്തിനു പുറമെ, എറണാകുളം, പട്ടാമ്പി, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ പ്രാദേശിക കേന്ദ്രങ്ങളും അവക്കു കീഴിൽ 14 ലേണർ സെന്ററുകളും പ്രവർത്തിക്കുന്നുണ്ട്. info@sgou.ac.in/ helpdesk@sgou.ac.in എന്ന ഇ മെയിൽ വിലാസത്തിൽ വിദ്യാർഥികൾക്ക് സംശയനിവാരണം നടത്താം. ഫോൺ: 9188909901,9188909902.