തീവിലയുമായി പൂ വിപണി
ഓണത്തിന്‍റെ വരവറിയിച്ച് നഗരങ്ങളില്‍ പൂ വിപണി സജീവമായി. പൂക്കളമിടാനുള്ള ഓണ പൂക്കളുമായാണ് പൂവിപണിയാരംഭിച്ചത്. നഗരങ്ങളിലും സംസ്ഥാനപാതകളിലെ പ്രധാന കവലകളും കേന്ദ്രീകരിച്ചാണ് പൂ കച്ചവടം ആരംഭിച്ചിട്ടുള്ളത്. വിപണിയില്‍ പൂക്കള്‍ വാങ്ങാനുള്ള തിരക്ക് തുടങ്ങിക്കഴിഞ്ഞു. ചുവപ്പ്, മഞ്ഞ വര്‍ണങ്ങളിലൂള്ള ചെണ്ടുമല്ലികളും അരളി, ജമന്തി, മറ്റ് നാടന്‍ പൂക്കളും ചില്ലി റോസും മുല്ലയും ബാംഗ്ലൂര്‍ പൂക്കളും വിപണിയിലുണ്ട്. എന്നാല്‍ തൊട്ടാല്‍ പൊള്ളുന്ന വിലയാണ് പൂക്കള്‍ക്ക്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വില കൂടുതലാണ് പൂക്കള്‍ക്ക്. തിരുവോണം ആകുമ്പോഴേയ്ക്കും പൂവില ഇനിയും ഉയരും.
മഞ്ഞ, ഓറഞ്ച് നിറത്തിലുള്ള ചെണ്ടുമല്ലിക്ക് കിലോ 100 രൂപയാണ് വില. വാടാമല്ലിക്ക് 150 രൂപയും അരളിക്ക് 300 രൂപയുമാണ് വില. പലനിറങ്ങളിലുള്ള റോസാപൂക്കള്‍ക്കും ആസ്‌ട്രോ പൂക്കള്‍ക്കും 300 രൂപയാണ് കിലോയ്ക്ക് ഈടാക്കുന്നത്. പച്ചില എന്നു വിളിക്കുന്ന ഇല വര്‍ഗത്തിന് കിലോ 120 രൂപ. ഗണേശ ചതുര്‍ഥി കഴിയുന്നതോടെ പൂക്കളുടെ വരവും വിലയും കൂടുമെന്നും വില്‍പ്പനക്കാര്‍ പറയുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റും ഓണാഘോഷങ്ങളുടെ ഭാഗമായി പൂക്കളമത്സരങ്ങള്‍ നടത്തുന്നതിനാല്‍ പൂക്കള്‍ക്ക് വന്‍ ഡിമാന്റാണ്. ഓണവിപണി ലക്ഷ്യമിട്ട് തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍നിന്നാണ് പൂക്കള്‍ എത്തിയിരിക്കുന്നത്. അമ്പതും നൂറും രൂപയ്ക്ക് എട്ടുതരം പൂക്കള്‍ അടങ്ങുന്ന കിറ്റ് ലഭിക്കും.