കുറഞ്ഞ നിരക്കുമായി ഒമാൻ എയർ
കോഴിക്കോട്, കൊച്ചി സെക്ടറിലുകളിലേക്ക് ടിക്കറ്റ് നിരക്ക് കുറച്ച് ഒമാൻ എയർ. മസ്കറ്റിൽ നിന്ന് കോഴിക്കോട്ടേക്ക് 44 റിയാലും കൊച്ചിയിലേക്ക് പല ദിവസങ്ങളിലും 45 റിയാലുമാണ് നിരക്ക്. മസ്കത്തിൽ നിന്ന് കോഴിക്കോട്ടേക്കും കൊച്ചിയിലേക്കും ദിവസവും രണ്ട് സർവിസാണ് നടത്തുന്നത്. മസ്കറ്റിൽ നിന്ന് പുലർച്ച മൂന്നിന് പുറപ്പെടുന്ന വിമാനം പ്രാദേശിക സമയം, രാവിലെ 8.05ന് കോഴിക്കോട്ടെത്തും. ഉച്ചക്ക് 2.05ന് പുറപ്പെടുന്ന വിമാനം രാത്രി ഏഴിന് കോഴിക്കോടെത്തും.
പുലർച്ച രണ്ടിന് പുറപ്പെടുന്ന വിമാനം രാവിലെ 7.15നും കാലത്ത് 8.25ന് പുറപ്പെടുന്ന വിമാനം ഇന്ത്യൻ സമയം ഉച്ചക്ക് 1.40നുമാണ് കൊച്ചിയിലെത്തുന്നത്. കോഴിക്കോട്ടേക്കാണ് ഒമാൻ എയർ മികച്ച നിരക്ക് നൽകുന്നത്. പെരുന്നാൾ അവധി കാരണം ഏപ്രിൽ 19 മുതൽ 25 വരെ നിരക്കുകൾ കുത്തനെ ഉയരുന്നുണ്ട്. ഈ ദിവസങ്ങളൊഴികെ എല്ലാ ദിവസങ്ങളിലും 44 റിയാലാണ് വൺവേ നിരക്ക്.
അവധി ദിവസങ്ങളിൽ വൺവേ നിരക്ക് 134 റിയാൽ വരെ എത്തുന്നുണ്ട്. ഇതിനുശേഷം നിരക്ക് വീണ്ടും 44 റിയാൽ ആകുന്നു. പിന്നീട് മേയ് 25ഓടുകൂടിയാണ് നിരക്ക് വർധിക്കുന്നത്. കൊച്ചിയിലേക്ക് വൺവേക്ക് 45 റിയാലാണ് നിരക്ക്. എന്നാൽ, എല്ലാ ദിവസവും ഈ നിരക്ക് ലഭിക്കുന്നില്ല. വാരാന്ത്യങ്ങളിലും മറ്റും നിരക്ക് മാറുന്നുണ്ട്. പെരുന്നാൾ അവധിക്കാലമായ അടുത്ത മാസം 19 മുതൽ 23 വരെ 155 റിയാൽ വരെ ഉയരുന്നുണ്ട്. ഒമാൻ എയർ നിരക്കുകൾ കുറച്ചത് യാത്രക്കാർക്ക് അനുഗ്രഹമാവുന്നു. നിരക്കു കുറഞ്ഞതോടെ സ്വന്തമായി ടിക്കറ്റെടുക്കേണ്ട നിരവധി പേർ യാത്രക്കൊരുങ്ങുന്നുണ്ട്. ഒമാൻ എയർ നിരക്ക് കുറച്ചതോടെ മറ്റ് വിമാന ക്കമ്പനികളും നിരക്കു കുറക്കുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ. നിലവിൽ എയർ ഇന്ത്യ എക്പ്രസ് കോഴിക്കോട്ടേക്ക് 56 റിയാലാണ് ഈടാക്കുന്നത്. ഒമാൻ എയർ നിരക്ക് കുറച്ചതോടെ എക്സ്പ്രസും നിരക്കു കുറക്കേണ്ടിവരും. മേയ് 25നുശേഷമാണ് ഒമാനിൽ സ്കൂൾ സീസൺ ആരംഭിക്കുന്നത്.