ഒമാൻ എയറിന്റെ ഇരട്ട സർവിസ് മലയാളികൾക്ക് ആശ്വാസം
കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലേക്ക് ദിവസേന രണ്ടു സർവിസുകൾ നടത്താനും തിരുവനന്തപുരത്തേക്ക് റൂട്ടുകൾ വർധിപ്പിക്കാനുമുള്ള ഒമാൻ എയറിന്റെ തീരുമാനം കേരളത്തിലേക്കുള്ള യാത്രക്കാർക്ക് അനുഗ്രഹമാവും. അടുത്തമാസം അവസാനം മുതലാണ് ഒമാൻ എയർ സർവിസുകൾ വർധിപ്പിക്കുന്നത്. ഇതോടെ സ്കൂൾ അവധിക്കാലത്തും മറ്റു സീസണുകളിലും ടിക്കറ്റ് ലഭിക്കാത്തതുമൂലം അനുഭവിക്കുന്ന പ്രയാസങ്ങൾക്ക് കുറവുവരും.
ഒമാൻ എയറിന്റെ പുതിയ വേനൽക്കാല ഷെഡ്യൂൾ പ്രകാരം ആഴ്ചയിൽ എല്ലാ ദിവസവും പുലർച്ച മൂന്നിന് പുറപ്പെടുന്ന ആദ്യ വിമാനം രാവിലെ ഇന്ത്യൻ സമയം 8.05ന് കോഴിക്കോട്ടെത്തും. ഉച്ചക്ക് 2.05ന് പുറപ്പെടുന്ന രണ്ടാമത്തെ വിമാനം ഇന്ത്യൻ സമയം രാത്രി ഏഴിനാണ് കോഴിക്കോട്ട് ലാൻഡ് ചെയ്യുക. ഇവിടെനിന്ന് ഇന്ത്യൻ സമയം രാവിലെ 8.55ന് തിരിച്ച് പുറപ്പെടുന്ന വിമാനം 10.45നും രാത്രി എട്ടിന് പുറപ്പെടുന്ന വിമാനം 11.50നും മസ്കത്തിലെത്തും. കൊച്ചിയിലേക്ക് പുലർച്ച രണ്ടിനാണ് ആദ്യ വിമാനം. ഇന്ത്യൻ സമയം 7.15ന് ലാൻഡ് ചെയ്യും. രാവിലെ 8.25ന് പുറപ്പെടുന്ന രണ്ടാമത്തെ വിമാനം ഉച്ചക്ക് ഇന്ത്യൻ സമയം 1.40ന് കൊച്ചിയിലെത്തും. ഇവിടെനിന്ന് രാവിലെ 9.55ന് പുറപ്പെടുന്ന വിമാനം ഉച്ചക്ക് 12.05നും ഉച്ചക്ക് 3.40ന് പുറപ്പെടുന്ന വിമാനം വൈകീട്ട് 5.50നും മസ്കത്തിൽ എത്തും. തിരുവനന്തപുരത്തേക്ക് വെള്ളി, ശനി, ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിലാണ് മസ്കത്തിൽനിന്ന് സർവിസുകൾ ഉള്ളത്. രാവിലെ ഒമ്പതിന് പുറപ്പെടുന്ന വിമാനം ഉച്ചക്കു മുമ്പ് 11.20നാണ് തിരുവനന്തപുരത്ത് എത്തുന്നത്. മസ്കത്തിൽ നിന്ന് ചെന്നൈയിലേക്ക് പുലർച്ച 2.05നും രാവിലെ 8.25നുമാണ് സർവിസുകൾ ഉള്ളത്.