നോട്ടറി അപേക്ഷകൾ ഇനി ഓൺലൈനിൽ

 നോട്ടറി അപേക്ഷകൾ ഇനി ഓൺലൈനിൽ

സംസ്ഥാനത്ത് നോട്ടറി അപേക്ഷ സ്വീകരിക്കുന്നതും തുടർ നടപടികളും ഇനി പൂർണമായി ഓൺലൈനിൽ. ഇതിനായുള്ള പോർട്ടൽ നിയമ വകുപ്പ് മന്ത്രി പി. രാജീവ് നാളെ (നവംബർ 23) രാവിലെ 10.30ന് ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്ത് അഭിഭാഷക വൃത്തിയിലേർപ്പെടുന്നവരിൽ നിന്നു നോട്ടറിയായി പ്രാക്ടിസ് ചെയ്യുന്നതിനുള്ള അപേക്ഷകൾ കടലാസിൽ സ്വീകരിച്ച് ഫയലുകളാക്കി നടപടി സ്വീകരിക്കുന്നതായിരുന്നു ഇതുവരെയുള്ള രീതി. കേന്ദ്ര ചട്ടങ്ങളിൽവന്നിട്ടുള്ള മാറ്റങ്ങളുടെകൂടി അടിസ്ഥാനത്തിലാണ് ഈ അപേക്ഷകൾ പൂർണമായി ഓൺലൈനിലേക്കു മാറ്റുന്നത്. എൻ.ഐ.സിയുടെ സഹായത്തോടെയാണ് ഇതിനായുള്ള ഓൺലൈൻ പോർട്ടൽ വികസിപ്പിച്ചത്. ഉദ്ഘാടന ചടങ്ങിനു ശേഷം നിയമ വകുപ്പിന്റെ www.lawsect.kerala.gov.in എന്ന വെബ്സൈറ്റിൽ പുതിയ പോർട്ടലിന്റെ ലിങ്കും അപേക്ഷ സമർപ്പിക്കുന്നതു സംബന്ധിച്ച വിശദ വിവരങ്ങളും ലഭ്യമാകുമെന്നു നിയമ സെക്രട്ടറി വി. ഹരി നായർ അറിയിച്ചു.