നിയമസഭാ മന്ദിരത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷം
നമ്മുടെ നാടിന്റെ അഭിമാനങ്ങളില്‍ ഒന്നാണ് നിയമസഭാ മന്ദിരം. 2023 മെയ് 22 ന് കേരള നിയമസഭാ മന്ദിരത്തിന്റെ 25-ാം വാര്‍ഷികം ആഘോഷിക്കുകയാണ്. 1998 മെയ് 22ന് അന്നത്തെ രാഷ്ട്രപതിയായിരുന്ന കെ. ആർ. നാരായണനാണ് കേരള നിയമസഭയുടെ പുതിയ മന്ദിരം രാഷ്ട്രത്തിനു സമര്‍പ്പിച്ചത്. പത്താം കേരള നിയമസഭയുടെ കാലത്ത് ഇ.കെ.നായനാര്‍ മുഖ്യമന്ത്രിയായും ശ്രീ. എം. വിജയകുമാര്‍ സ്പീക്കറും ആയിരിക്കെ 29.06.1998 മുതലാണ് ഈ മന്ദിരത്തില്‍ സഭ സമ്മേളിച്ചുതുടങ്ങിയത്.
കേരള നിയമസഭാ മന്ദിരം 25 വർഷം പൂർത്തിയാക്കുന്നതു സംബന്ധിച്ച ആലോഷപരിപാടികൾ ബഹുമാന്യനായ ഉപരാഷ്ട്രപതി ശ്രീ. ജഗ്ദീപ് ധന്‍കര്‍ മേയ് 22-ാം തീയതി രാവിലെ10.30 മണിക്ക് ആര്‍. ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്സ് ലോഞ്ചില്‍വച്ച് ഉദ്ഘാടനം ചെയ്യുന്നതാണ്.
2023 ജനുവരി 9 മുതല്‍ 15 വരെ നിയമസഭാ പരിസരത്തുവച്ച് സംഘടിപ്പിച്ച അന്താരാഷ്ട്ര പുസ്തകോത്സവം സംബന്ധിച്ച് തയ്യാറാക്കിയിട്ടുള്ള സുവനീറിന്റെ പ്രകാശനവും ചടങ്ങില്‍വച്ച് ബഹു. ഉപരാഷ്ട്രപതി നിര്‍വ്വഹിക്കുന്നതാണ്. അതുകൂടാതെ, നിയമസഭാ മന്ദിരത്തിന്റെ പരിസരത്തിന്റെ നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ഇതോടനുബന്ധിച്ച് ഉപരാഷ്ട്രപതി നിര്‍വ്വഹിക്കുന്നതാണ്. നിലവിലുള്ള എം.എൽ.എ.മാര്‍ക്കു പുറമെ മുൻ എം.എൽ.എ.മാരെയും മുൻ ജീവനക്കാരെയും ഈ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
ഉച്ചയ്ക്ക് ശേഷം 2 മണിക്ക് ചേരുന്ന മുന്‍ നിയമസഭാംഗങ്ങളുടെ കൂട്ടായ്മയില്‍വച്ച് മുൻ മുഖ്യമന്ത്രിമാരെയും മുൻ സ്പീക്കർമാരെയും ആദരിക്കുന്നതാണ്. പ്രസ്തുത ചടങ്ങില്‍ അഖിലേന്ത്യാ വെട്രൻസ് മീറ്റുകളില്‍ നിരവധി പുരസ്കാരങ്ങള്‍ നേടിയ മുൻ പിറവം എം.എൽ.എ. ശ്രീ. എം ജെ ജേക്കബിനേയും കേരള നിയമസഭ ആദരിക്കുന്നു. അതിനുശേഷം നിയമസഭാംഗങ്ങളും ജീവനക്കാരും മറ്റ് കലാകാരന്മാരും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്.