പുതിയ രാജ്യാന്തര വിമാനത്താവളം പ്രഖ്യാപിച്ചു

 പുതിയ രാജ്യാന്തര വിമാനത്താവളം പ്രഖ്യാപിച്ചു

ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളങ്ങളുടെ പട്ടികയിലിടം നേടാൻ സൗദി അറേബ്യയിൽ പുതിയൊരു വിമാനത്താവളം കൂടി വരുന്നു. റിയാദ് കേന്ദ്രമായി യാഥാർഥ്യമാകാൻ പോകുന്ന കിങ് സൽമാൻ അന്തർദേശീയ വിമാനത്താവളത്തിന്റെ മാസ്റ്റർ പ്ലാൻ കിരീടാവകാശിയും പ്രധാനമന്ത്രിയും കൗൺസിൽ ഓഫ് ഇക്കണോമിക് ആൻഡ് ഡെവലപ്‌മെന്റ് അഫയേഴ്‌സിന്റെയും (സി.ഇ.ഡി.എ) പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന്റെയും (പി.ഐ.എഫ്) ചെയർമാനുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ തിങ്കളാഴ്ച പ്രഖ്യാപിച്ചു.

ഏകദേശം 57 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളങ്ങളിൽ ഒന്നായിരിക്കും ഇപ്പോഴത്തെ ഭരണാധികാരിയുടെ നാമധേയത്തിലുള്ള പുതിയ വിമാനത്താവളം. 12 ചതുരശ്ര കിലോമീറ്ററിൽ എയർപോർട്ട് അനുബന്ധ സംവിധാനങ്ങൾ, താമസ, വിനോദ സൗകര്യങ്ങൾ, ചില്ലറ ഔട്ട്‌ലെറ്റുകൾ, ചരക്ക് ക്ലിയറൻസ് കൈമാറ്റ സംവിധാനങ്ങൾ റിയൽ എസ്റ്റേറ്റ് ഓഫിസുകൾ എന്നിവ സ്ഥാപിക്കും.

‘വിഷൻ 2030’ ലക്ഷ്യങ്ങൾക്ക് അനുസൃതമായി പുതിയ വിമാനത്താവളം എണ്ണയിതര വരുമാനമായി പ്രതിവർഷം 27,000 കോടി റിയാൽ രാജ്യത്തിന് സംഭാവന ചെയ്യുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. പ്രത്യക്ഷമായും പരോക്ഷമായും 10,30,00 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും പ്രതീക്ഷിക്കുന്നു. സമ്പദ്‌ വ്യവസ്ഥയെ വൈവിധ്യവത്കരിക്കുന്നതിനുള്ള പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന്റെ ശ്രമങ്ങളുടെ കൂടി ഭാഗമാണ് ചെയർമാൻ കൂടിയായ കിരീടാവകാശിയുടെ വിമാനത്താവള പ്രഖ്യാപനം.