ജനനനിരക്ക് കൂട്ടാൻ ‘ന്യൂ ഇറ’പദ്ധതി
ജനനനിരക്ക് വർധിപ്പിക്കാൻ വിവാഹവും പ്രസവവും പ്രോത്സാഹിപ്പിക്കുന്നതിന് പദ്ധതികൾ ആവിഷ്കരിച്ച് ചൈന. സൗഹാർദ്ദപരമായി കുട്ടികളെ ജനിപ്പിക്കുന്ന അന്തരീക്ഷം വളർത്തിയെടുക്കുന്നതിനായി വിവാഹ, പ്രസവ സംസ്കാരത്തിന്‍റെ ‘ പുതിയ കാലഘട്ടം’ സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. 20 ലധികം നഗരങ്ങളിൽ ‘ന്യൂ ഇറ’ പൈലറ്റ് പ്രോജക്ടുകൾ ആരംഭിക്കും. ചൈനയുടെ ഫാമിലി പ്ലാനിങ് അസോസിയേഷൻ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. സ്ത്രീകളെ വിവാഹം കഴിക്കാനും കുട്ടികൾക്ക് ജന്മം നൽകാനും പ്രോത്സാഹിപ്പിക്കുന്ന പദ്ധതികൾ ആരംഭിക്കുമെന്ന് ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്തു.
ജനസംഖ്യാ വർധന പ്രോത്സാഹിപ്പിക്കുന്നതിന് നികുതി ആനുകൂല്യങ്ങൾ, ഭവന സബ്‌സിഡികൾ, മൂന്നാമതൊരു കുട്ടിക്ക് സൗജന്യമോ സബ്‌സിഡിയോടെയോ ഉള്ള വിദ്യാഭ്യാസം തുടങ്ങിയ ആനുകൂല്യങ്ങൾ നൽകുന്നുണ്ട് സർക്കാർ.