പ്രത്യേക ജനുസ് പുല്‍ച്ചാടികളെ കണ്ടെത്തി
ഇന്ത്യയില്‍ പ്രത്യേക ജനുസ് പുല്‍ച്ചാടികളെ കണ്ടെത്തി. നീളമുള്ളതും ഉയർന്നതും പ്രത്യേകമായി ഉയര്‍ന്നുനില്‍ക്കുന്ന ശീർഷകങ്ങളുള്ള പുതിയ പുല്‍ച്ചാടി ജനുസ്സായ ഈ പുല്‍ച്ചാടിക്ക് ദ്രാവിഡാക്രിസ് അണ്ണാമലൈക്ക എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ഇത് ആഫ്രിക്കയിൽ നിന്നുള്ള സ്യൂഡോമിട്രാരിയ, ഏഷ്യയിൽ നിന്നുള്ള റോസ്റ്റെല്ല, ഇന്ത്യയിൽ നിന്നുള്ള ഇൻഡോമിരിയാത്ര എന്നിവയ്ക്ക് സമാനമാണ്.
ഡോ.ധനീഷ് ഭാസ്കര്‍ ( ഐയുസിഎന്‍, ഗ്രാസ്ഷോപ്പര്‍ സ്പെഷ്യലിസ്റ്റ്, ട്രയർ സര്‍വകലാശാല ജര്‍മ്മനി) എച്ച്. ശങ്കരരാമന്‍ (വനവരയാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രിക്കള്‍ച്ചര്‍, പോള്ളാച്ചി), നികോ കസാലോ (സാഗ്രേബ് സര്‍വകലാശാല ക്രോയേഷ്യ) എന്നിവരാണ് പുതിയ പുല്‍ച്ചാടി ജനുസിനെ കണ്ടെത്തിയിരിക്കുന്നത്.
നിലവില്‍ ഇന്ത്യയില്‍ പുല്‍ച്ചാടികളെ കുറിച്ചുള്ള പഠനം താരതമ്യേന വളരെ കുറവാണ്. ഇന്ത്യന്‍ പുല്‍ച്ചാടികളുടെ വംശനാശത്തെ കറുച്ചുള്ള പഠനവും അവയുടെ വംശനാശത്തിന്‍റെ അടിസ്ഥാനത്തില്‍ അവയെ റെഡ് ഡാറ്റാബുക്കില്‍ ഉള്‍പ്പെടുത്തുകയും ചെയ്യുന്ന പ്രോജക്റ്റ് നീലഗിരി ജൈവ മണ്ഡലം കേന്ദ്രീകരിച്ച് നടന്നുവരുന്നു. തമിഴ്നാട്, കേരളം, കര്‍ണ്ണാടക തുടങ്ങി മൂന്ന് സംസ്ഥാനങ്ങളിലും അപൂര്‍വ്വമായി കണ്ടുവരുന്ന പുല്‍ച്ചാടികളെ കുറിച്ചുള്ള പഠനമാണ് നടക്കുന്നത്. ഈ പഠനത്തിനിടയിലാണ് തമിഴ്നാടിന്‍റെ കിഴക്കന്‍ പ്രദേശത്ത് നിന്നും ഈ പുല്‍ച്ചാടിയെ കണ്ടെത്തിയത്.