നീറ്റ് യുജി പരീക്ഷാഫലം; കേരളത്തിൽ ഒന്നാം റാങ്ക് ആര്യയ്ക്ക്
ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയിൽ കേരളത്തിൽ ഒന്നാം സ്ഥാനം നേടി കോഴിക്കോട് സ്വദേശി ആർ.എസ് ആര്യ. അഖിലേന്ത്യാ റാങ്ക് ലിസ്റ്റിൽ 23ആം റാങ്കും പെൺകുട്ടികളുടെ ലിസ്റ്റിൽ മൂന്നാം റാങ്കും ആര്യ കരസ്ഥമാക്കി. തമിഴ്നാട് സ്വദേശി എൻ. പ്രഭാഞ്ജൻ, ആന്ധ്രാ സ്വദേശി ബോറ വരുൺ ചക്രവർത്തി എന്നിവർ ഒന്നാം റാങ്ക് പങ്കിട്ടു. തമിഴ്നാട് സ്വദേശിയായ കൗസ്തവ് ബാവുരിക്കാണ് മൂന്നാം റാങ്ക്. ആദ്യ 50 റാങ്ക് നേടിയവരിൽ 40 പേരും ആൺകുട്ടികളാണ്. ആകെ പരീക്ഷയെഴുതിയ 20.38 ലക്ഷം പേരിൽ 11.45 ലക്ഷം പേർ യോഗ്യത നേടി.കേരളത്തിൽ നിന്ന് 59,404 വിദ്യാർഥികൾ യോഗ്യത നേടി.
താമരശ്ശേരി അൽഫോൻസ സീനിയർ സെക്കൻ്ററി സ്കൂളിലായിരുന്നു ആര്യയുടെ ആ പഠനം. പ്ലസ് ടു വിന് ഉന്നത വിജയം നേടിയ ആര്യ നർത്തകിയും ഗായികയുമാണ്. സഹോദയ സ്കൂൾ കലോത്സവത്തിന് മോഹനിയാട്ടത്തിൽ വിജയം നേടിയിട്ടുണ്ട്. താമരശ്ശേരി തൂവക്കുന്നുമ്മൽ രമേഷ് ബാബു (എസ്.എസ്.ബി. എസ്.ഐ. താമരശ്ശേരി)വിൻ്റെയും ഷൈമയുടെയും മകളാണ്. ചേളന്നൂർ എസ്.എൻ. കോളേജിലെ എം.എ. ഇംഗ്ലീഷ് വിദ്യാർത്ഥിനി അർച്ചന സഹോദരിയാണ്.