നാറ്റ 2023 രജിസ്ട്രേഷൻ ഇന്നു മുതൽ
രാജ്യത്തെ ബി.ആർക് പ്രവേശനത്തിനുള്ള നാഷനൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ ആർകിടെക്ചർ (നാറ്റ 2023) രജിസ്ട്രേഷൻ 20 മുതൽ ഏപ്രിൽ പത്തുവരെ നടത്താം. ഫീസ് 2000 രൂപ. എസ്.സി, എസ്.ടി, പി.ഡബ്ല്യൂ.ഡി, ട്രാൻസ്ജെൻഡർ വിഭാഗങ്ങൾക്ക് 1500 മതി. മൂന്നുതവണയായാണ് പരീക്ഷ. ആദ്യ പരീക്ഷ ഏപ്രിൽ 21നും രണ്ടാമത്തേത് മേയ് 28നും മൂന്നാമത്തേത് ജൂലൈ ഒമ്പതിനും നടത്തുമെന്ന് കൗൺസിൽ ഓഫ് ആർകിടെക്ചർ അറിയിച്ചു. രാവിലെ പത്തു മുതൽ ഒന്നുവരെയും ഉച്ചക്കുശേഷം 2.30 മുതൽ 5.30 വരെയുമായി ഓരോ ദിവസവും രണ്ട് സെഷനുകളായാണ് പരീക്ഷ.
ആദ്യ പരീക്ഷക്കുള്ള അഡ്മിറ്റ് കാർഡ് ഏപ്രിൽ 18 മുതൽ ഡൗൺലോഡ് ചെയ്യാം. ഏപ്രിൽ30ന് ഫലം പ്രസിദ്ധീകരിക്കും. കോഴ്സ് കാലാവധി അഞ്ചുവർഷമാണ്. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങൾക്ക് 50 ശതമാനം മാർക്കിൽ കുറയാതെയും പ്ലസ് ടുവിന് മൊത്തം 50 ശതമാനം മാർക്കോടെയും വിജയിച്ചവർക്കാണ് ബി.ആർക് പ്രവേശനത്തിന് അർഹത. മാത്തമാറ്റിക്സ് നിർബന്ധ വിഷയമായി പഠിച്ച് ത്രിവത്സര ഡിപ്ലോമ പാസായവരെയും പരിഗണിക്കും. നാറ്റ 2023 സ്കോർ അടിസ്ഥാനത്തിലാണ് പ്രവേശനം. വിവരങ്ങൾക്ക് www.nata.in , www.coa.gov.in.