പുലി ഭീഷണിയിൽ മൈസൂർ വൃന്ദാവൻ ഗാർഡൻ
പുലി ഭീഷണി ഒഴിയാതെ മൈസൂരു വൃന്ദാവൻ ഉദ്യാനം. നിലവിൽ പുള്ളിപ്പുലി ഭീഷണിയിൽ ഉദ്യാനം അനിശ്ചിതകാലത്തേക്ക് അടച്ചിട്ടിരിക്കുകയാണ്. ഇതിനാൽ ഇതുവരെ രണ്ടുകോടിയിലേറെ രൂപയുടെ വരുമാന നഷ്ടമുണ്ടായെന്ന് അധികൃതർ പറയുന്നു. പുലിയെ പിടികൂടുകയോ പുലിയുടെ സാന്നിധ്യം ഇല്ലാതാവുകയോ ചെയ്താൽ മാത്രം ഉദ്യാനം തുറക്കാനാണ് തീരുമാനം. ഒക്ടോബർ 22നാണ് ഉദ്യാനത്തിൽ ആദ്യം പുലിയെത്തിയത്. നവംബർ അഞ്ചുമുതൽ ഏഴുവരെ തുടർച്ചയായ മൂന്നു ദിവസങ്ങളിലും പുലിയെത്തി. തുടർന്നാണ് സുരക്ഷ കണക്കിലെടുത്ത് ഉദ്യാനം അടച്ചിട്ടത്. ഒമ്പതു കെണികൾ സ്ഥാപിച്ചെങ്കിലും പുലിയെ പിടികൂടാനായിട്ടില്ല. വനപാലകരും ഉദ്യാനത്തിന്റെ ചുമതലയുള്ള കാവേരി നീരാവരി നിഗം ലിമിറ്റഡ് (സി.എൻ.എൻ.എൽ) അധികൃതരും തിരച്ചിൽ തുടരുകയാണ്.