മകൻ ഗമ്മി കഴിച്ചു ; അമ്മക്കെതിരെ കൊലക്കുറ്റത്തിന് കേസ്
നാല് വയസുകാരന്‍ കഞ്ചാവ് അടങ്ങിയ ഗമ്മി കഴിച്ച് മരിച്ചതിന് പിന്നാലെ അമ്മക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് പൊലീസ്. അമേരിക്കയിലെ വിര്‍ജീനിയയിലെ സ്പോട്സില്‍വാനിയയിലാണ് സംഭവം. ഡൊറോത്തി അനറ്റ് ക്ലെമന്‍റ് എന്ന മുപ്പതുകാരിക്ക് എതിരെയാണ് കൊലക്കുറ്റം ചുമത്തിയിരിക്കുന്നത്. മകന്‍ ഗമ്മി തൊണ്ടയില്‍ കുടുങ്ങി ചലനമറ്റ നിലയിലായിട്ടും അവശ്യ സേവനത്തിന്‍റെ സഹായം തേടാതിരുന്നതിനാലാണ് ഡൊറോത്തിക്കെതിരെ കൊലക്കുറ്റം ചുമത്താന്‍ ജൂറിയെ പ്രേരിപ്പിച്ചത്.
അവശ്യസേവന സര്‍വ്വീസുകളുടെ സഹായം ഉചിതമായ സമയത്ത് ലഭിച്ചിരുന്നുവെങ്കില്‍ നാല് വയസുകാരന് രക്ഷപ്പെടാനുള്ള സാധ്യത ഏറെയായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. മെയ് ആറിനാണ് ഡൊറോത്തിയുടെ നാലു വയസുള്ള മകന്‍ ഗമ്മി കഴിച്ച് അവശ നിലയിലായത്. കുഞ്ഞിനെ അവശ നിലയില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രണ്ട് ദിവസത്തിന് ശേഷം കുഞ്ഞ് മരിച്ചു. അമിതമായ അളവില്‍ കഞ്ചാവ് അടങ്ങിയ ഗമ്മി കഴിച്ചതിനേ തുടര്‍ന്നായിരുന്നു കുഞ്ഞ് അവശ നിലയിലായത്. മരിജുവാന അടങ്ങിയ ഗമ്മി ദഹിക്കാതെ വന്നതും തൊണ്ടയില്‍ കുടുങ്ങിയതുമാണ് മരണകാരണമായി വിലയിരുത്തുന്നത്.