പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി
തിരുവനന്തപുരത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കിളിമാനൂർ മുളയ്ക്കലത്തുകാവ് ചരുവിള പുത്തൻവീട്ടിൽ ശ്രീഹരി(26)യെ ആണ് പോക്സോ വകുപ്പ് ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഹോട്ടലിൽ ജോലിക്ക് നിർത്തി ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന പരാതിയിലാണ് നടപടി.
ഇയാൾ വിവാഹിതനായി കുഞ്ഞുണ്ടായതിനു ശേഷം ഭാര്യയുമായി പിണങ്ങി. ഈ സമയത്താണ് മുൻപ് മുതൽ തന്നെ പരിചയമുള്ള പെണ്‍കുട്ടിയുമായി ഇയാൾ അടുപ്പത്തിലായത്. പിന്നീട് പെൺകുട്ടിയെ ചടയമംഗലത്ത് കൊണ്ടു പോയി വിവിധ ഹോട്ടലുകളിൽ ജോലിക്ക് നിർത്തി. ഹോട്ടലുകാർക്കു സംശയം തോന്നി ചോദ്യം ചെയ്തതോടെ ചടയമംഗലത്ത് വീട് വാടകയ്ക്ക് എടുത്ത് പെൺകുട്ടിയുമായി ഇയാൾ താമസം തുടങ്ങി.
ഇതിനിടെ കുട്ടിയെ കാണാനില്ലെന്ന് കാട്ടി പെൺകുട്ടിയുടെ അമ്മൂമ്മ നൽകിയ പരാതിയില്‍ നഗരൂർ പൊലീസ് നടത്തിയ അന്വഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. അപ്പോളാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം വീട്ടുകാരറിയുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.