ഇന്ന് ക്രിസ്മസ്
ഇന്ന് ലോകത്തെമ്പാടുമുള്ള ജനങ്ങൾ ക്രിസ്മസ് ആഘോഷിക്കുകയാണ്. സാഹോദര്യത്തിന്റേയും സ്‌നേഹത്തിന്റേയും സന്തോഷത്തിന്റെയും സന്ദേശം ഉണര്‍ത്തിയാണ് ക്രിസ്മസ് ആഘോഷിക്കുന്നത്. യേശു ക്രിസ്തുവിന്റെ ജനനമാണ് ക്രിസ്മസായി ആഘോഷിക്കുന്നത്. ലോകത്തെമ്പാടുമുള്ള ആളുകൾ മുഴുവൻ ഒരുപോലെ ആഘോഷിക്കുന്ന ആഘോഷങ്ങളാണ് ക്രിസ്മസും ന്യൂ ഇയറും. ശാന്തിയുടെയും സമാധാനത്തിന്റെയും ആഘോഷമായ ക്രിസ്മസിനെ ആഘോഷത്തോടെ വരവേറ്റിരിക്കുകയാണ് നാടും നഗരവും.
യുദ്ധത്തില്‍ ക്ഷീണിച്ചവരേയും ദരിദ്രരേയും ഓര്‍ക്കണമെന്ന് ക്രിസ്മസ് സന്ദേശത്തില്‍ ഫ്രാൻസിസ് മാര്‍പ്പാപ്പ പറഞ്ഞു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ പ്രാര്‍ത്ഥന ചടങ്ങുകളും പ്രത്യക ശുശ്രൂഷകളും നടന്നു. ക്രിസ്മസിനോടനുബന്ധിച്ച് താമരശ്ശേരി രൂപത ബിഷപ് റെമീജിയോസ് ഇഞ്ചനാനിയിലിന്റെ നേതൃത്വത്തിൽ താമരശ്ശേരി മേരിമാതാ കത്തീഡ്രലിൽ തിരുക്കർമ്മങ്ങൾ നടന്നു. സീറോമലബാർ സഭയുടെ ആസ്ഥാന കാര്യാലയമായ മൗണ്ട് സെന്റ് തോമസ് പള്ളിയിൽ മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി തിരുക്കർമ്മങ്ങൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചു. ഏകീകൃത കുർബാന രീതിയാണ് ആസ്ഥാന പള്ളിയിൽ മാർ ആലഞ്ചേരി പിന്തുടർന്നത്.