ഇന്ന് അന്താരാഷ്ട്ര പുരുഷ ദിനം
ഇന്ന് നവംബര്‍ 19- അന്താരാഷ്ട്ര പുരുഷ ദിനം. പുരുഷന്മാർക്കായി ഇങ്ങനെയൊരു ദിനം ഉണ്ടെന്ന് പോലും പലര്‍ക്കും അറിയില്ല. ലോകത്ത് 60 രാജ്യങ്ങളോളം ഈ ദിനം ആഘോഷിക്കുന്നുണ്ട്. സമൂഹത്തിന് പുരുഷന്മാർ നൽകുന്ന മികച്ച സംഭാവനകളെ ആദരിക്കുന്നതിനായാണ് ഇങ്ങനെ ഒരു ദിനം കൊണ്ടാടുന്നത്. ഒപ്പം പുരുഷന്മാരുടെയും ആൺകുട്ടികളുടെയും ആരോഗ്യത്തിനും ഈ ദിനം പ്രാധാന്യം നൽകുന്നുണ്ട്.
1999 മുതലാണ് യുനെസ്കോയുടെ ആഹ്വാനപ്രകാരം പുരുഷദിനം ആചരിക്കാൻ തുടങ്ങിയത്. അമ്മമാർക്കും സ്ത്രീകൾക്കും കുട്ടികൾക്കുമൊക്കെ വേണ്ടി ഒരു ദിനം മാറ്റിവെക്കുമ്പോൾ ലോകത്ത് പുരുഷന്മാർക്കും തുല്യ പ്രാധാന്യം നൽകുക എന്ന ഉദ്ദേശത്തോടെയാണ് യുനെസ്കോ ലോക പുരുഷ ദിനാചരണത്തിന് ആഹ്വാനം ചെയ്തത്. 1999 നവംബർ 19-ന് ട്രിനിഡാഡ് ആൻഡ് ടൊബോഗോയിലാണ് യുനെസ്കോ ആദ്യമായി ഈ ദിനം ആചരിച്ചത്. 2007 മുതലാണ് ഇന്ത്യയിൽ പുരുഷ ദിനാചരണം തുടങ്ങുന്നത്. പുരുഷാവകാശ സംഘടനായ സേവ് ഇന്ത്യൻ ഫാമിലിയാണ് ആഘോഷം ഇന്ത്യയിലേക്ക് എത്തിച്ചത്.
പുരുഷന്മാരില് മികച്ച വ്യക്തിത്വങ്ങളെ ആദരിക്കാനും ലിംഗ സമത്വം ഘോഷിക്കാനുമൊക്കെയാണ് ഈ ദിനം പ്രയോജനപ്പെടുത്തുന്നത്. പുരുഷന്മാരുടെ ശാരീരിക- മാനസികാരോഗ്യത്തിൽ അവബോധം സൃഷ്ടിക്കുക, പുരുഷന്മാരുടെ നേട്ടങ്ങളും വിജയങ്ങളും ആഘോഷിക്കുക, എല്ലാ മേഖലകളിലുമുള്ള ലിംഗസമത്വം ഉറപ്പാക്കുക, പുരുഷന്മാർക്കെതിരായ വിവേചനത്തെ ഒഴിവാക്കുക എന്നത് എല്ലാം ഈ ദിനം കൊണ്ട് ലക്ഷ്യമിടുന്നുണ്ട്. ലോകമെമ്പാടുമുളളവര്‍ ജീവിതത്തില്‍ സ്വാധീനിച്ച പുരുഷന്മാരെ തിരിച്ചറിഞ്ഞ് ആദരിക്കാനും ഈ ദിനം കൊണ്ടാടാറുണ്ടെന്ന് ചരിത്രം പറയുന്നു.
“ആൺകുട്ടികളെയും പുരുഷന്മാരെയും സഹായിക്കുക” എന്നതാണ് ഈ വർഷത്തെ പ്രമേയം. സെമിനാറുകളും കോൺഫറൻസുകളും സംഘടിപ്പിച്ചും പുരുഷന്മാരുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഉയർത്തിക്കാട്ടുന്ന പരിപാടികൾ സംഘടിപ്പിച്ചുമാണ് ഈ ദിനം ഇന്ന് ആഘോഷിക്കുന്നത്.