എന്റെ കേരളം മെഗാ മേളയ്ക്ക് ശനിയാഴ്ച്ച തിരിതെളിയും

 എന്റെ കേരളം മെഗാ മേളയ്ക്ക് ശനിയാഴ്ച്ച തിരിതെളിയും

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന എന്റെ കേരളം മെഗാ പ്രദര്‍ശന വിപണന ഭക്ഷ്യ മേളയ്ക്ക് മെയ് ൨൦ തിരിതെളിയും. മെയ് 20 മുതല്‍ 27 വരെ നടക്കുന്ന മേളയ്ക്കായുള്ള സജ്ജീകരണങ്ങള്‍ കനകക്കുന്നില്‍ പൂര്‍ത്തിയായി. പൂര്‍ണമായും ശീതീകരിച്ച ഇരുന്നൂറ്റിയമ്പതിലധികം സ്റ്റാളുകളിലാണ് മേള സജ്ജീകരിച്ചിരിക്കുന്നത്.

വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സ്റ്റാളുകള്‍ക്ക് പുറമെ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, വിനോദസഞ്ചാര വകുപ്പ്, കേരള പോലീസ്, സഹകരണ വകുപ്പ്, കിഫ്ബി തുടങ്ങിയവര്‍ ഒരുക്കുന്ന പ്രത്യേക പ്രദര്‍ശനവുമുണ്ടാകും. പതിനഞ്ചോളം സര്‍ക്കാര്‍ വകുപ്പുകളുടെ തത്സമയ സേവനങ്ങള്‍ സൗജന്യമായും വേഗത്തിലും ലഭിക്കുന്ന സര്‍വീസ് സ്റ്റാളുകള്‍, വിലക്കുറവില്‍ വിവിധ വകുപ്പുകളുടെയും ചെറുകിട സംരംഭകരുടെയും ഉത്പന്നങ്ങള്‍ വാങ്ങാന്‍ കഴിയുന്ന വിപണന സ്റ്റാളുകള്‍, മുന്നൂറോളം പേര്‍ക്ക് ഒരേ സമയം ഭക്ഷണം കഴിക്കാനാവുന്ന രൂചി വൈവിധ്യങ്ങള്‍ വിളമ്പുന്ന അതിവിപുലമായ ഫുഡ് കോര്‍ട്ട്, പ്രശസ്ത പിന്നണി ഗായകന്‍ എം.ജി ശ്രീകുമാര്‍ അടക്കമുള്ള കലാകാരന്മാര്‍ അണിനിരക്കുന്ന കലാപരിപാടികള്‍, പുതുതലമുറയുടെ ആശയങ്ങള്‍ കേള്‍ക്കാനും സ്റ്റാര്‍ട്ടപ്പ് സംരംഭകരുടെ നേട്ടങ്ങള്‍ വിശദീകരിക്കാനുമുള്ള യൂത്ത് സെഗ്മെന്റ്, അത്യാധുനിക റോബോട്ടുകള്‍ ഉള്‍പ്പെടെ നിരക്കുന്ന ബൃഹത്തായ ടെക്‌നോസോണ്‍, കായിക സാംസ്ക്കാരം വളർത്താനായി സജ്ജീകരിച്ചിരിക്കുന്ന സ്പോർട്സ് കോർണർ തുടങ്ങിയവ മെഗാ മേളയുടെ പ്രധാന ആകര്‍ഷണമാണ്. രാവിലെ 10 മുതല്‍ രാത്രി വരെയാണ് മേള നടക്കുക. പ്രവേശനം പൂര്‍ണമായും സൗജന്യമാണ്.

മെഗാ മേളയുടെ ഉദ്ഘാടനം മന്ത്രിമാരായ വി.ശിവന്‍കുട്ടി, ജി.ആര്‍ അനില്‍, ആന്റണി രാജു എന്നിവര്‍ മെയ് 20ന് രാവിലെ 11 മണിക്ക് നിര്‍വഹിക്കും. എം.പിമാര്‍, എം.എല്‍.എമാര്‍, രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ എന്നിവരും പങ്കെടുക്കും. ഉദ്ഘാടന ദിവസത്തെ ആഘോഷങ്ങള്‍ക്ക് മാറ്റ് പകരാന്‍ വൈകുന്നേരം എട്ട് മുതല്‍ നിശാഗന്ധിയിൽ പിന്നണിഗായകന്‍ എം.ജി ശ്രീകുമാറും സംഘവും നയിക്കുന്ന ‘എം.ജി ശ്രീകുമാര്‍ മ്യൂസിക്കല്‍ നൈറ്റ്’ അരങ്ങേറും. പിന്നണി ഗായകരായ മൃദുല വാര്യര്‍, അഞ്ജു ജോസഫ്, റഹ്മാന്‍ എന്നിവരും സംഘത്തിലുണ്ടാകും. കേരളത്തിലെ നാല് സെൻട്രൽ ജയിലുകളുടെ മിനിയേച്ചർ രൂപമൊരുക്കുന്ന ജയിൽ വകുപ്പിൻ്റെ പ്രത്യേക പവലിയൻ മേളയുടെ മറ്റൊരു ആകർഷണമാകുമെന്ന് ഉറപ്പാണ്.