മെഡിക്കൽ കോളജിൽ ഓട്ടോമാറ്റിക് ക്ലിനിക്കൽ കെമിസ്ട്രി അനലൈസർ
എറണാകുളം സർക്കാർ മെഡിക്കൽ കോളജിൽ ബയോ – കെമിസ്ട്രി വിഭാഗത്തിൽ അത്യാധുനിക ലോകോത്തര നിലവാരത്തിലുള്ള ഫുള്ളി ഓട്ടോമാറ്റിക് ക്ലിനിക്കൽ കെമിസ്ട്രി അനലൈസർ മെഷീൻ പ്രവർത്തന യോഗ്യമാക്കി. അന്താരാഷ്ട്ര നിലവാരം പുലർത്തുന്ന ഈ മെഷീൻ കേരളത്തിൽ സ്ഥാപിക്കുന്ന ആദ്യ സർക്കാർ മെഡിക്കൽ കോളജാണിത്.
ലോകത്തിലെവിടയും അംഗീകരിക്കപ്പെടുന്ന ടെസ്റ്റ് നിലവാരം ഈ മെഷീനുണ്ട്. ഒരു മണിക്കൂറിൽ 1300 ടെസ്റ്റുകൾ ചെയ്യാൻ കഴിയും. ഡുവൽ സ്ലൈഡ് ടെക്കോളജിയാണ് മെഷീൻ നടത്തുന്നത് എല്ലാ വിധ ഹോർമോൺ ടെസ്റ്റുകളും 25 മിനിറ്റിനുള്ളിൽ ലഭ്യമാണ് റുട്ടീൻ ബയോ – കെമിസ്ട്രി ടെസ്റ്റുകളായ ഷുഗർ, കൊളെസ്ട്രോൾ, എൽ.എഫ്. ടി, ആർ. എഫ്. ടി എന്നീ ടെസ്റ്റുകൾ അഞ്ച് മിനിട്ടുകൊണ്ട് അറിയാനാകും.
ക്യാൻസർ രോഗികൾക്കുള്ള ടെസ്റ്റുകളും ഈ മെഷീൻ കൊണ്ട് സാധ്യമാകും. അതിവേഗത്തിൽ സാമ്പിളുകൾ നിർണയം നടത്താൻ കഴിവുള്ള ഈ മെഷീൻ ഏറ്റവും മികച്ച റിസൾട്ട് തരുന്നതോടൊപ്പം തന്നെ കണ്ടാമിനേഷൻ ഇല്ലാതാക്കുകയും ചെയ്യുന്നു. എല്ലാമാസത്തിലും കൃത്യമായ ഗുണനിലവാരം ചെക്ക് ചെയ്യുന്നതിന് സി.എം.സി വെല്ലൂർ ആശുപത്രിയുമായി ചേർന്ന് ടെസ്റ്റുകൾ വിലയിരുത്തി ഗുണനിലവാരം ഉറപ്പു വരുത്തുന്നു.