സിലിണ്ടർ പൊട്ടിത്തെറിച്ചു
ബിഹാറിലെ ഔറംഗബാദിൽ പൂജയ്ക്കിടെ പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ച് ഇരുനില കെട്ടിടത്തിന് തീപിടിച്ച് 30 ഓളം പേർക്ക് പരിക്കേറ്റു. ഇതിൽ 10 ഓളം പേരുടെ നില ഗുരുതരമാണ്. നഗരത്തിലെ ഏറ്റവും ഇടുങ്ങിയ തെരുവുകളിലൊന്നായ ഒഡിയ ഗാലിക്ക് സമീപമാണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്. സ്ഫോടനത്തെ തുടർന്ന് വൻ തീപിടിത്തമുണ്ടായി. പരിക്കേറ്റവരെ സദർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീ അണയ്ക്കുന്നതിനിടെ ഏഴ് പൊലീസ് ഉദ്യോഗസ്ഥർക്കും പൊള്ളലേറ്റു.
ഓൾഡ് ജിടി റോഡിലുള്ള സ്ട്രീറ്റിലെ വസതിയിൽ പൂജ ഒരുക്കങ്ങൾ നടക്കുന്നതിനിടെയാണ് തീപിടിത്തമുണ്ടായത്. വീട്ടിലെ സ്ത്രീകൾ ഉത്സവത്തിനായി പ്രസാദം ഉണ്ടാക്കുകയായിരുന്നു. ഇതിനിടെയാണ് സിലിണ്ടർ ചോർന്നതെന്നും വലിയ ശബ്ദത്തോടെ ഗ്യാസ് പൈപ്പ് പൊട്ടിത്തെറിക്കുകയായിരുന്നുവെന്നും അധികൃതർ പറഞ്ഞു. വൻ തീപിടിത്തത്തിൽ 30 ഓളം പേർക്ക് പരിക്കേൽക്കുകയായിരുന്നു. തീ അണയ്ക്കാൻ പോയ പൊലീസുകാർക്കും പൊള്ളലേൽക്കുകയായിരുന്നു. ഇവരും സദർ ആശുപത്രിയിൽ ചികിത്സയിലാണ്.