സംരംഭക മഹാസംഗമം ശനിയാഴ്ച്ച കൊച്ചിയില്‍

 സംരംഭക മഹാസംഗമം ശനിയാഴ്ച്ച കൊച്ചിയില്‍

ശനിയാഴ്ച്ച കൊച്ചിയില്‍ സംരംഭക മഹാസംഗമം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.സംസ്ഥാന സര്‍ക്കാരിന്റെ സംരംഭക വര്‍ഷം പദ്ധതി ലക്ഷ്യം ഭേദിച്ചതിന്‍റെ ഭാഗമായിട്ടാണ് സംരംഭക മഹാസംഗമം സംഘടിപ്പിക്കുന്നത്. കേരള ചരിത്രത്തിലെ ഏറ്റവും വലിയ സംരംഭക സംഗമമാണ് വ്യവസായ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ശനിയാഴ്ച്ച 11.30ന് കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയം മൈതാനിയില്‍ നടത്തുന്നത്. പതിനായിരത്തോളം സംരംഭകര്‍ പങ്കെടുക്കും. മന്ത്രി പി.രാജീവ് അധ്യക്ഷതവഹിക്കുന്ന ചടങ്ങില്‍ സ്‌കെയില്‍ അപ്പ് പദ്ധതിയുടെ സര്‍വേ മന്ത്രി കെ.എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. കൈപ്പുസ്തകം പ്രകാശനം മന്ത്രി കെ.രാജനും കുടുംബശ്രീയുടെ ഓക്‌സിലറി ഗ്രൂപ്പുകളുടെ ശക്തിപ്പെടുത്തല്‍ പരിപാടി പ്രഖ്യാപനം മന്ത്രി എം.ബി രാജേഷും വിജയമാതൃകകളുടെ ഫിലിം ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി സതീശനും നിര്‍വഹിക്കും.

എം.പി, മേയര്‍, എംഎല്‍എമാര്‍, മറ്റ് ജനപ്രതിനിധികള്‍, ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. മഹാസംഗമത്തില്‍ സംരംഭകര്‍ക്ക് വിവിധ സേവനങ്ങള്‍ നല്‍കുന്നതിനായി നൂറോളം സ്റ്റാളുകളും സജ്ജമാക്കിയിട്ടുണ്ട്. ബാങ്കുകള്‍, വിവിധ സംസ്ഥാന-കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സാങ്കേതിക സ്ഥാപനങ്ങള്‍ എന്നിവരുടെ സ്റ്റാളുകളില്‍ സംരംഭകര്‍ക്ക് വിവിധ സേവനങ്ങള്‍ ഓണ്‍ലൈനായി ലഭ്യമാകും.

സംരംഭകര്‍ക്ക് പറയാനുള്ളത് കേള്‍ക്കാനും അവരുടെ പദ്ധതികളുടെ വിപുലീകരണത്തിനാവശ്യമായ സഹായം ലഭ്യമാക്കാനും ഈ സംഗമത്തിലൂടെ ശ്രമിക്കും. സംരംഭക വര്‍ഷം പദ്ധതിയിലൂടെ ഇതുവരെയായി 1,22,080 സംരംഭങ്ങളും 7462.92 കോടി രൂപയുടെ നിക്ഷേപവും 2,63,385 തൊഴിലും ഉണ്ടായി.