ലുലു ഇനി തമിഴകത്തും
റീട്ടെയിൽ ഷോപ്പിംഗിന്റെ ഏറ്റവും മികച്ച അനുഭവം സമ്മാനിച്ച് ലുലു ഹൈപ്പർമാർക്കറ്റ് ഇന്ന് മുതൽ കോയമ്പത്തൂരിലും. ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയുടെ സാന്നിധ്യത്തിൽ തമിഴ്നാട് വ്യവസായ മന്ത്രി ടി ആർ വി രാജ ഹൈപ്പർമാർക്കറ്റ് ഉദ്ടനം ചെയ്യും. തമിഴ്നാട്ടിലെ കാർഷിക മേഖലകളിൽ നിന്ന് നേരിട്ട് സംഭരിച്ച പച്ചക്കറി, പഴം, പാൽ ഉത്പന്നങ്ങൾ,മറ്റ് ആവശ്യവസ്തുക്കൾ, വീട്ടുപകരണങ്ങൾ, ഇലക്ട്രോണിക്സ്, ബ്യൂട്ടി പ്രോഡക്ടസ് മുതൽ ഏറ്റവും രുചികരമായ ഹോട്ട് ഫുഡ്, ബേക്കറി തുടങ്ങിയവ ഒരേ കുടക്കീഴിൽ അണിനിരത്തിയാണ് കോയമ്പത്തൂർ ലുലു ഹൈപ്പർമാർക്കറ്റ് ഒരുങ്ങിയിരിക്കുന്നത്.
കോയമ്പത്തൂർ അവിനാശി റോഡിലെ ലക്ഷ്മി മിൽസ് കോമ്പൗണ്ടിലാണ് പുതിയ ഹൈപ്പർ മാർക്കറ്റ്. ലുലു ഗ്രൂപ്പിന്റെ തമിഴ്നാട്ടിലെ ആദ്യ സംരംഭം കൂടിയാണിത്. നേരത്തെ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അബുദാബിയിൽ വെച്ച് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുമായി നടത്തിയ കൂടിക്കാഴ്ചയെ തുടർന്ന് തമിഴ്നാട് സർക്കാരുമായി ഒപ്പിട്ട ധാരണപാത്രത്തിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് പുതിയ ഹൈപ്പർ മാർക്കറ്റ് തുറന്നിരിക്കുന്നത്. 3,000 കോടി രൂപയുടെ നിക്ഷേപത്തിനാണ് ലുലു ഗ്രൂപ്പ് തമിഴ്നാട് സർക്കാരുമായി ധാരണയിൽ എത്തിയിരുന്നത്.
ഷോപ്പിംഗ് മാൾ,ഹൈപ്പർ മാർക്കറ്റ്, ഭക്ഷ്യ സംസ്കാരണ യൂണിറ്റ് അടക്കം തമിഴ്നാട്ടിലെ വിവിധ മേഖലകളിൽ ആരംഭിക്കാൻ നീക്കം സജീവമാണ്. ചെന്നൈയിൽ തുടങ്ങുന്ന ലുലു മാളിന്റെ പ്രാരംഭ നിർമ്മാണ പ്രവർത്തനങ്ങൾ അടുത്ത് തന്നെ ആരംഭിക്കും. സേലം, ഈറോഡ്, ഹൊസൂർ അടക്കം വിവിധ പ്രദേശങ്ങളിൽ ഹൈപ്പർ മാർക്കറ്റിനുള്ള നീക്കവും വിപുലമാണ്. 15000 പേർക്കുള്ള പുതിയ തൊഴിൽ അവസരമാണ് ഇതിലൂടെ തമിഴ്നാട്ടിൽ ഒരുങ്ങുന്നത്.