കമ്പനി ലൈസൻസ് പുതുക്കാൻ പുതിയ നിബന്ധന
ദുബൈയിലെ കമ്പനി ലൈസൻസുകൾ പുതുക്കാൻ പുതിയ നിബന്ധന ഏർപ്പെടുത്തുന്നു. സ്ഥാപനത്തിന്റെ ലാഭവിഹിതം കൈപ്പറ്റുന്ന മുഴുവൻ പങ്കാളികളുടെയും സമ്മതമുണ്ടെങ്കിൽ മാത്രമേ ഇനിമുതൽ ലൈസൻസ് പുതുക്കാനാകൂ. ലൈസൻസുമായി ബന്ധപ്പെട്ട മുഴുവൻ സേവനങ്ങൾക്കും സ്ഥാപനത്തിന്റെ ഔദ്യോഗിക പ്രതിനിധിയുടേയോ പാർട്ണറുടേയോ സാന്നിധ്യവും നിർബന്ധമാക്കി.
ദുബൈ സാമ്പത്തിക, ടൂറിസം വകുപ്പാണ് സ്ഥാപനങ്ങളുടെ ലൈസൻസ് പുതുക്കുന്ന നടപടികൾ കൂടുതൽ കർശനമാക്കി നിർദേശം പുറപ്പെടുവിച്ചത്. ഓരോ സ്ഥാപനവും ലാഭവിഹിതം കൈപ്പറ്റുന്ന പങ്കാളികളുടെ പേരുവിവരങ്ങൾ രജിസ്റ്റർ ചെയ്യുന്നത് കഴിഞ്ഞവർഷം കർശനമാക്കിയിരുന്നു. ഇനി മുതൽ കമ്പനി ലൈസൻസ് പുതുക്കാൻ ഇത്തരത്തിൽ രജിസ്റ്റർ ചെയ്ത പങ്കാളികൾ ഒ.ടി.പി മുഖേന സമ്മതമറിയിക്കണം. ലൈസൻസ് പുതുക്കാൻ സ്ഥാപനത്തിന്റെ ഔദ്യോഗിക പ്രതിനിധിയുടേയോ പാർട്ണറുടെയോ സാന്നിധ്യവും നിർബന്ധമാക്കിയും സർക്കാർ സേവന സ്ഥാപനങ്ങൾക്ക് ദുബൈ ഇക്കണോമി സർക്കുലർ അയച്ചിട്ടുണ്ട്.
ലൈസൻസ് നടപടികൾക്കായി സമീപിക്കുന്നവരുടെ തിരിച്ചറിയൽ രേഖ, പവർ ഓഫ് അറ്റോണി, ഫോൺ നമ്പർ എന്നിവ സൂക്ഷിച്ചുവെക്കണം. നിർദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയാൽ സർക്കാർ സേവന സ്ഥാപനങ്ങൾ പിഴയടക്കേണ്ടിവരും. നിയമപരമായി അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന കമ്പനി പി.ആർ.ഒമാരെ നിയന്ത്രിക്കാൻ കൂടിയാണ് പുതിയ നിബന്ധന. മുമ്പ് ലൈസൻസ് പുതുക്കണമെങ്കിൽ ഉടമ നേരിട്ടെത്തണമെന്ന് നിർബന്ധമുണ്ടായിരുന്നില്ല. ഒരു സ്ഥാപനത്തിലെ പി.ആർ.ഒ എത്തിയാലും ലൈസൻസ് പുതുക്കാമായിരുന്നു. മറ്റ് പങ്കാളികളുടെ അറിവോ സമ്മതമോ ഇല്ലാതെയും ലൈസൻസ് പുതുക്കാൻ കഴിയുമായിരുന്നു. ഇനിമുതൽ ലൈസൻസ് പുതുക്കാൻവരുന്ന പി.ആർ.ഒയും രജിസ്റ്റർ ചെയ്തിരിക്കണം. പങ്കാളിത്ത ബിസിനസിലെ വിശ്വാസ്യത വർധിപ്പിക്കാനും തട്ടിപ്പുകൾ ഒഴിവാക്കാനും പുതിയ നിർദേശം സഹായിക്കുമെന്നാണ് കരുതുന്നത്.