ഉപയോക്താക്കളുടെ വിവരങ്ങൾ ഹാക്കർമാർ ചോർത്തി
ടെക് ലോകത്തെ തന്നെ ഏറ്റവും പ്രശസ്തമായ പാസ്വേഡ് മാനേജറാണ് ലാസ്റ്റ്പാസ്. ഈ വർഷം രണ്ട് തവണ ഇക്കൂട്ടർ ഹാക്ക് ചെയ്യപ്പെട്ടിരുന്നു. സേഫായുള്ള പാസ്വേഡിന് വേണ്ടി നിരവധി പേർ ആശ്രയിക്കുന്നത് ലാസ്റ്റ്പാസിനെയാണ്. ഇത് തന്നെ ഹാക്ക് ചെയ്യപ്പെട്ടിരിക്കുകയാണിപ്പോൾ. തേഡ് പാർട്ടി ക്ലൗഡ് സ്റ്റോറേജ് സർവീസിൽ കമ്പനി ചില നീക്കങ്ങൾ അടുത്തിടെ നടത്തിയിരുന്നു. ഈ ക്ലൗഡ് സ്റ്റോറേജ് സർവീസ് ആണ് ലാസ്റ്റ്പാസും അനുബന്ധ സ്ഥാപനമായ ഗോറ്റു ഉം ഉപയോഗിക്കുന്നത്. ലാസ്റ്റ് പാസിനെ സംബന്ധിച്ച് ഈ ഹാക്ക് ചെയ്യപ്പെടൽ വൻ സുരക്ഷാ ഭീക്ഷണി തന്നെയാണ് എന്നാണ് വിദഗ്ധർ പറയുന്നത്. 3.3 കോടിയിലധികം ഉപയോക്താക്കളുണ്ട് ലാസ്റ്റ്പാസിന്.
ഉപഭോക്തൃ പാസ്‌വേഡുകളുടെ എൻക്രിപ്റ്റ് ചെയ്ത പകർപ്പുകളും ബില്ലിംഗ് വിലാസങ്ങൾ, ഫോൺ നമ്പറുകൾ, ഐപി വിലാസങ്ങൾ തുടങ്ങിയ സെൻസിറ്റീവ് ഡാറ്റകളും ഹാക്കർമാർ മോഷ്ടിച്ചതായാണ് പാസ്‌വേഡ് മാനേജ്‌മെന്റ് സേവനമായ കമ്പനി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ആ സമയത്ത്, ഹാക്കർമാർക്ക് ഉപഭോക്തൃ ഡാറ്റയിലേക്കോ എൻക്രിപ്റ്റ് ചെയ്ത പാസ്‌വേഡ് സ്റ്റോറേജുകളിലേക്കോ ആക്‌സസ് ഉണ്ടായിരുന്നതായി ഒരു തെളിവും കണ്ടിട്ടില്ലെന്നും കമ്പനി കൂട്ടിച്ചേർത്തു. ഹാക്കിങിന്റെ ഭാഗമായി മോഷ്ടിച്ച സോഴ്‌സ് കോഡും സാങ്കേതിക വിവരങ്ങളും മറ്റൊരു ജീവനക്കാരനെ ലക്ഷ്യമിട്ടാണ് ഉപയോഗിച്ചിരിക്കുന്നതെന്ന് കമ്പനിയുടെ പ്രസ്താവനയിൽ പറയുന്നു.തേഡ് പാർട്ടി ക്ലൗഡ് സ്റ്റോറേജ് സ്‌പെയ്‌സിലെ ഡാറ്റ ആക്‌സസ് ചെയ്യുന്നതിനും ഡീക്രിപ്റ്റ് ചെയ്യുന്നതിനുമുള്ള ക്രെഡൻഷ്യലുകളും കീകളും ഹാക്കർമാർക്ക് നേടാൻ കഴിഞ്ഞെന്നും കമ്പനി പറയുന്നു.