ലോകത്തിലെ ഏറ്റവും വലിയ ദൂരദര്‍ശിനി വരുന്നു
ലോകത്തിലെ ഏറ്റവും വലിയ ദൂരദര്‍ശനിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. അന്യഗ്രഹ ജീവികളെ പോലും കണ്ടെത്താന്‍ ശേഷിയുള്ളതെന്ന് അവകാശപ്പെടുന്ന ഈ ദൂരദര്‍ശനി ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മഹത്തായ ശാസ്ത്ര പദ്ധതികളില്‍ ഒന്നാണ്. എസ്‌കെഎ എന്ന ചുരുക്ക നാമത്തില്‍ അറിയപ്പെടുന്ന ഈ റേഡിയോ ടെലസ്‌കോപ്പിന്റെ യഥാര്‍ത്ഥ പേര് സ്‌ക്വയര്‍ കിലോമീറ്റര്‍ അറേ എന്നാണ്. 2028 -ഓടെ ഇതിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്. ഇംഗ്ലണ്ടിലെ ചെഷയറിലെ മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റിയുടെ ജോഡ്രെല്‍ ബാങ്ക് ഒബ്‌സര്‍വേറ്ററിയിലാണ് എസ്‌കെഎയുടെ ആസ്ഥാനം. പ്രപഞ്ചത്തിലെ ഏറ്റവും സമൃദ്ധമായ മൂലകമായ ഹൈഡ്രജന്റെ മുഴുവന്‍ ചരിത്രവും കണ്ടെത്തുക എന്നതാണ് എസ്‌കെഎയുടെ മഹത്തായ അന്വേഷണങ്ങളിലൊന്ന്.
30 വര്‍ഷത്തെ അധ്വാനത്തിന്റെയും സ്വപ്നത്തിന്റെയും പൂര്‍ത്തീകരണമാണ് ഈ ചരിത്ര നിമിഷം എന്നാണ് സ്‌ക്വയര്‍ കിലോമീറ്റര്‍ അറേ ഓര്‍ഗനൈസേഷന്റെ ഡയറക്ടര്‍ ജനറല്‍ പ്രൊഫ ഫില്‍ ഡയമണ്ട് ഇതേക്കുറിച്ച് പ്രതികരിച്ചത്. ബിബിസിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞുപോയ 30 വര്‍ഷത്തില്‍ ആദ്യ പത്ത് വര്‍ഷം ആശയങ്ങള്‍ വികസിപ്പിക്കുന്നതിനായി ആണ് ഉപയോഗിച്ചതെന്നും തുടര്‍ന്നുവന്ന 10 വര്‍ഷം സാങ്കേതിക വികസനത്തിനായും അവസാനത്തെ 10 വര്‍ഷം പദ്ധതിയുടെ വിശദമായ രൂപകല്‍പ്പന തയ്യാറാക്കുന്നതിനും സൈറ്റുകള്‍ കണ്ടെത്തുന്നതിനും രാജ്യങ്ങളുടെ സമ്മതം വാങ്ങുന്നതിനും ഒക്കെയായി ആണ് ചെലവഴിച്ചതെന്നും അദ്ദേഹം പറയുന്നു.
ദൂരദര്‍ശിനിയുടെ പ്രാരംഭ നിര്‍മ്മാണ പ്രവൃത്തിയില്‍ 200-ല്‍ താഴെ പാരാബോളിക് ആന്റിനകളും അതുപോലെ തന്നെ ക്രിസ്മസ് ട്രീകള്‍ പോലെ കാണപ്പെടുന്ന 131,000 ദ്വിധ്രുവ ആന്റിനകളുമാണ് ഉള്‍പ്പെടുത്തുക. ഏകദേശം 50 മെഗാഹെര്‍ട്‌സ് മുതല്‍ 25 ജിഗാഹെര്‍ട്‌സ് വരെയുള്ള ഫ്രീക്വന്‍സി ശ്രേണിയില്‍ ഈ സിസ്റ്റം പ്രവര്‍ത്തിക്കും. മഹാവിസ്‌ഫോടനത്തിന് ശേഷമുള്ള ആദ്യത്തെ നൂറു ദശലക്ഷം വര്‍ഷങ്ങളില്‍ പുറപ്പെടുവിച്ച സിഗ്‌നലുകള്‍ ഉള്‍പ്പെടെ, ഭൂമിയില്‍ നിന്ന് കോടിക്കണക്കിന് പ്രകാശവര്‍ഷം അകലെയുള്ള കോസ്മിക് സ്രോതസ്സുകളില്‍ നിന്ന് വരുന്ന ദുര്‍ബലമായ റേഡിയോ സിഗ്‌നലുകള്‍ വരെ കണ്ടെത്താന്‍ ദൂരദര്‍ശിനിയെ പ്രാപ്തമാക്കും എന്നാണ് ഗവേഷക സംഘത്തില്‍ പെട്ടവര്‍ പറയുന്നത്.
ഇതുമായി ബന്ധപ്പെട്ട സഹകരിച്ച് പ്രവര്‍ത്തിക്കുന്ന നിലവിലെ ഏഴു രാജ്യങ്ങള്‍ ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, യുകെ, ചൈന, ഇറ്റലി, നെതര്‍ലാന്‍ഡ്സ്, പോര്‍ച്ചുഗല്‍, സ്വിറ്റ്സര്‍ലന്‍ഡ് എന്നിവയാണ്. ഫ്രാന്‍സ്, സ്‌പെയിന്‍, ജര്‍മ്മനി എന്നിവ ഉടന്‍തന്നെ ഈ മഹത്തായ പദ്ധതിയുമായി സഹകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. കൂടാതെ കാനഡ, ഇന്ത്യ, സ്വീഡന്‍, ദക്ഷിണ കൊറിയ, ജപ്പാന്‍ എന്നീ രാജ്യങ്ങളും അധികം വൈകാതെ പദ്ധതിയില്‍ പങ്കാളികളാകും.