സൗദിയുടെ ഏറ്റവും വലിയ ‘മാനവീയ പതാക’യൊരുക്കി ലുലു
സൗദി അറേബ്യയുടെ പ്രഥമ സൗദി പതാക ദിനാഘോഷത്തിൽ ലുലു ജീവനക്കാർ ഒരുക്കിയ ഏറ്റവും വലിയ ‘മാനവീയ പതാക’വിസ്മയക്കാഴ്ചയായി. ലുലു ഹൈപ്പർമാർക്കറ്റിലെ ആയിരത്തിലധികം സ്വദേശീ സ്ത്രീ, പുരുഷ ജീവനക്കാർ അണിചേർന്നാണ് 18 മീറ്റർ നീളത്തിലും 12 മീറ്റർ വീതിയിലും സൗദി അറേബ്യയുടെ ദേശീയ പതാക സൃഷ്ടിച്ചത്. മഞ്ഞുപൊതിഞ്ഞു നിന്ന പ്രഭാതത്തിൽ ദമ്മാം സിഹാത്തിലെ ഖലീജ് ഫുട്ബാൾ ക്ലബ്ബ് സ്റ്റേഡിയത്തിലായിരുന്നു മനുഷ്യർ അണിചേർന്ന് ഹരിത പതാകയായി മാറിയത്.
ഏകദേശം മൂന്ന് മണിക്കൂർ സമയം കൊണ്ട് ലുലു ജീവനക്കാർ പതാകയുടെ ആകൃതിയിലും നിറത്തിലും ഒന്നിച്ച് ചേർന്ന് ഈ ചരിത്രമുഹൂർത്തം പൂർത്തിയാക്കി. പ്രശസ്ത ഇന്ത്യൻ ചിത്രകാരനും മലയാളിയുമായ ഡാവിഞ്ചി സുരേഷ് ആണ് മാനവീയ പതാകയൊരുക്കാൻ കലാപരമായ നേതൃത്വം നൽകിയത്. സൗദിയുടെ മാറുന്ന ചരിത്രത്തിന്‍റെ ഭാഗം കൂടിയാണ് പതാക ദിനാഘോഷം.