തൊഴിലുറപ്പ് കൂലി സ്വരുക്കൂട്ടി വെച്ച് 13 വനിതകളുടെ ഉല്ലാസ യാത്ര
കോഴിക്കോട് കൊണ്ടോട്ടിയിൽ തൊഴിലുറപ്പ് കൂലി സ്വരുക്കൂട്ടി വെച്ച് മൂന്ന് ദിവസത്തെ ഉല്ലാസ യാത്രയ്ക്ക് എത്തിയ 13 വനിതകളുടെ ചിത്രമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ നിറയുന്നത്. ചക്കിപ്പറമ്പിൽ കെ. ദേവയാനി, പൂളക്കപ്പറമ്പ് സുമതി, സീത, വത്സല, വെള്ളാട്ട് പുറായ് വിലാസിനി, ദേവകി, സരോജിനി, ശോഭ, ജാനകി, പുഷ്പ, സരള, ലൈലജ, ചിന്ന എന്നിവരാണ് യാത്ര തിരിച്ചത്. ഏറെ നാളായി മനസിൽ കൊണ്ട് നടന്ന വിമാന യാത്രയും ഇവർ നടത്തി.
ഒരിക്കലും നടക്കില്ലെന്ന് കരുതിയിരുന്ന സ്വപ്‌നം യാഥാർത്ഥ്യമായ സന്തോഷമാണ് ഈ വനിതകളുടെ കണ്ണുകളിലും നിറയുന്നത്. മുസ്ലിയാരങ്ങാടിയിലെ 13 വനിതകളാണ് തൊഴിലുറപ്പ് കൂലി സ്വരുക്കൂട്ടി മൂന്ന് ദിവസത്തെ ഉല്ലാസ യാത്രയ്ക്കായി ഇറങ്ങിയത്. വിമാനത്തിലെ യാത്ര കൂടാതെ ബോട്ടിലും തീവണ്ടിയിലും ഒക്കെയായിട്ടാണ് ഇവർ യാത്ര ആസ്വദിച്ചത്.
കരിപ്പൂരിൽനിന്ന് കണ്ണൂരിലേക്കാണ് സംഘം വിമാനത്തിൽ പറന്നത്. പറശ്ശിനിക്കടവ് ക്ഷേത്രസന്ദർശനത്തിനുശേഷം കണ്ണൂരിൽനിന്ന് തീവണ്ടിയിൽ തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചു. പിന്നീട്, തിരുവനന്തപുരത്ത് പത്മനാഭ സ്വാമിക്ഷേത്രത്തിൽ തൊഴുതശേഷം തീവണ്ടിയിൽ കന്യാകുമാരിയിലേക്ക് യാത്രയായി.
അവിടെ കടലിൽ ബോട്ടിൽക്കയറി വിവേകാനന്ദപ്പാറയും സന്ദർശിച്ചു. കന്യാകുമാരിയിലെ കാഴ്ചകളും ഉദയാസ്തമയങ്ങളുടെ മനോഹാരിതയും ആസ്വദിച്ചശേഷമാണ് സംഘം തങ്ങളുടെ നാട്ടിലേയ്ക്ക് തിരിച്ചത്. യാത്ര പൂർത്തിയാക്കി നാട്ടിലെത്തിയ സംഘത്തിന് മുസ്ലിയാരങ്ങാടി പോക്കർമാസ്റ്റർ ഗ്രന്ഥാലയം സ്വീകരണം നൽകി.