പുതിയ മന്ത്രിസഭ നിലവിൽ വന്നു
കുവൈറ്റിൽ പുതിയ മന്ത്രിസഭ നിലവിൽ വന്നു. പ്രധാനമന്ത്രി ഷെയ്ഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹിന്റെ നേതൃത്വത്തിൽ 15 അംഗ മന്ത്രിസഭയാണ് നിലവിൽ വന്നത്. പ്രധാനമന്ത്രി സമർപ്പിച്ച പട്ടികക്ക് ഡെപ്യൂട്ടി അമീറും കിരീടാവകാശിയുമായ ഷെയ്ഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് അംഗീകാരം നൽകി.
എം.പിമാരുമായുള്ള അഭിപ്രായഭിന്നതകളും മന്ത്രിമാർക്കെതിരെ ദേശീയ അസംബ്ലിയിൽ കുറ്റവിചാരണ പ്രമേയം കൊണ്ടുവരാനുള്ള നീക്കത്തിനുമിടെ ഈവർഷം ഫെബ്രുവരി 23നാണ് സർക്കാർ രാജി സമർപ്പിച്ചത്. തുടർന്ന് താൽക്കാലിക ചുമതലയിൽ തുടരാൻ മന്ത്രിസഭയോട് അമീർ ആവശ്യപ്പെട്ടിരുന്നു. മാർച്ച് അഞ്ചിന് ഷെയ്ഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹിനെ പ്രധാനമന്ത്രിയായി വീണ്ടും ചുമതലപ്പെടുത്തി അമീരി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കുവൈറ്റിന്റെ 60 വർഷത്തെ രാഷ്ട്രീയ ചരിത്രത്തിനിടെ 42ാമത്തെ മന്ത്രിസഭയാണ് നിലവിൽ വന്നത്.