വിനു വി ജോണിനെതിരായ സർക്കാർ നീക്കം മാദ്ധ്യമ സ്വാതന്ത്ര്യത്തിനെതിരായ കടന്നുകയറ്റം: കെ.സുരേന്ദ്രൻ

 വിനു വി ജോണിനെതിരായ സർക്കാർ നീക്കം മാദ്ധ്യമ സ്വാതന്ത്ര്യത്തിനെതിരായ കടന്നുകയറ്റം: കെ.സുരേന്ദ്രൻ

സിപിഎം നേതാവ് എളമരം കരീമിനെ വിമർശിച്ചതിന് ഏഷ്യാനെറ്റിലെ മുതിർന്ന മാദ്ധ്യമപ്രവർത്തകൻ വിനു വി ജോണിനെതിരെ കേസെടുക്കുകയും പൊലീസ് ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തുകയും ചെയ്തത് മാദ്ധ്യമ സ്വാതന്ത്ര്യത്തിനെതിരായ കടന്നുകയറ്റമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സിപിഎം നേതാക്കളെ വിമർശിക്കുന്നത് കൊണ്ട് വിനുവിനോട് സർക്കാർ പക പോക്കുകയാണെന്ന് വ്യക്തമാണ്. ബിബിസി ഡോക്യുമെന്ററി വിവാദത്തിൽ മാദ്ധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടി വാതോരാതെ സംസാരിച്ച മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിൽ തനിക്ക് നേരെ ചോദ്യം ചോദിക്കുന്ന മാദ്ധ്യമപ്രവർത്തകരെ വായടപ്പിക്കുകയാണ്. ലോകത്താകെ കമ്മ്യൂണിസ്റ്റുകാർക്ക് മാദ്ധ്യമങ്ങളോടുള്ള സമീപനം തന്നെയാണ് വിനു വി ജോണിന്റെ കാര്യത്തിലും കാണുന്നത്. മുഖ്യമന്ത്രിയുടെ യാത്രയുടെ പേരിൽ പൗരാവകാശങ്ങളെ പോലും ചവിട്ടിമെതിക്കുന്ന സർക്കാർ മാദ്ധ്യമവേട്ട നടത്തി എതിർ ശബ്ദങ്ങളെ അടിച്ചമർത്തുകയാണ്. ഈ ഫാസിസ്റ്റ് നടപടി സർക്കാർ അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധങ്ങളുണ്ടാകുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.