കെപിഎസി ലളിതയുടെ ഓര്‍മകള്‍ക്ക് ഇന്ന് ഒരു വയസ്
പൊട്ടിച്ചിരിപ്പിച്ചും കണ്ണുനനയിച്ചും ഒരായുഷ്കാലം മലയാളിക്കൊപ്പം ജീവിച്ച പ്രിയ നടി കെപിഎസി ലളിത നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്ന് ഒരാണ്ട്. കാലയവനികയ്ക്കുള്ളില്‍ മറഞ്ഞെങ്കിലും ഇന്നും ലളിത നമുക്കൊപ്പമുണ്ട്. 2016 മുതൽ 2021 വരെ കേരള സംഗീത നാടക അക്കാദമി ചെയർപേഴ്സണും പ്രശസ്തയായ മലയാള ചലച്ചിത്ര അഭിനേത്രിയുമായിരുന്നു കെ.പി.എ.സി ലളിത എന്നറിയപ്പെടുന്ന മഹേശ്വരിയമ്മ (1947-2022). വാർധക്യ സഹജമായ അസുഖങ്ങൾക്ക് ചികിത്സയിലിരിക്കെ 2022 ഫെബ്രുവരി 22ന് രാത്രി 10:45ന് ആണ് അന്തരിച്ചത്.
ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ കൊല്ലത്ത് ഡാൻസ് അക്കാദമിയിൽ നൃത്ത പഠനത്തിന് ചേർന്നതോടെ പഠനം മുടങ്ങി. ചങ്ങനാശേരി ഗീഥാ ആർട്ട്സ് ക്ലബിൻ്റെ ബലി എന്ന നാടകത്തിലൂടെയാണ് നാടകരംഗത്ത് സജീവമായത്. ഗീഥയിലും എസ്.എൽ.പുരം സദാനന്ദൻ്റെ പ്രതിഭ ആർട്ട്സ് ട്രൂപ്പിലും പ്രവർത്തിച്ച ശേഷമാണ് കെ.പി.എ.സിയിൽ എത്തിയത്. ആദ്യകാലത്ത് കെ.പി.എ.സിയിൽ ഗായികയായി പ്രവർത്തിച്ചു. മൂലധനം, നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്നീ നാടകങ്ങളിൽ ഗായികയായിരുന്ന ലളിത പിന്നീട് സ്വയംവരം, അനുഭവങ്ങൾ പാളിച്ചകൾ, കൂട്ടുകുടുംബം, ശരശയ്യ, തുലാഭാരം തുടങ്ങിയ നാടകങ്ങളിൽ അഭിനയിച്ചു.
തോപ്പിൽ ഭാസിയാണ് കെ.പി.എ.സി ലളിത എന്ന പേരിട്ടത്. 1970-ൽ ഉദയയുടെ ബാനറിൽ കെ.എസ്.സേതുമാധവൻ സംവിധാനം ചെയ്ത കൂട്ടുകുടുംബം എന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര രംഗത്തെത്തിയ ലളിത പിന്നീട് മലയാള സിനിമയിലെ നിറസാന്നിധ്യമായി മാറുകയായിരുന്നു. നാടകത്തിലൂടെ അഭിനയ രംഗത്തെത്തിയ കെ.പി.എ.സി ലളിത മലയാളത്തിലും തമിഴിലുമായി ഇതുവരെ 550-ലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം രണ്ടു വട്ടവും സംസ്ഥാന ചലച്ചിത്ര പുരസ്കാരം നാലു പ്രാവശ്യവും ലഭിച്ചു.
1978-ൽ സംവിധായകൻ ഭരതനെ വിവാഹം ചെയ്തതോടെ സിനിമയിൽ നിന്ന് താത്കാലികമായി ഒഴിവായെങ്കിലും 1983-ൽ ഭരതൻ സംവിധാനം ചെയ്ത കാറ്റത്തെ കിളിക്കൂട് എന്ന സിനിമയിലൂടെ മലയാളത്തിൽ വീണ്ടും സജീവ സാന്നിധ്യമായി മാറി. ശ്രീക്കുട്ടി, ചലച്ചിത്ര അഭിനേതാവായ സിദ്ധാർത്ഥ് ഭരതൻ എന്നിവർ മക്കളാണ്.