കേരള സ്റ്റാർട്ടപ്പ് മിഷൻ ഇൻഫിനിറ്റി സെന്‍റർ ഉദ്ഘാടനം ഇന്ന്

 കേരള സ്റ്റാർട്ടപ്പ് മിഷൻ ഇൻഫിനിറ്റി സെന്‍റർ ഉദ്ഘാടനം ഇന്ന്

വിദേശ രാജ്യങ്ങളില്‍ തുടങ്ങുന്ന കേരള സ്റ്റാർട്ടപ്പ് മിഷൻ ഇൻഫിനിറ്റി സെന്‍റർ മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിൽ ഇന്ന് ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ചീഫ് സെക്രട്ടറി വി.പി ജോയ് അധ്യക്ഷനാകും. ദുബായിലെ താജില്‍ വൈകീട്ട് നാലുമണിക്കാണ് ഉദ്ഘാടന ചടങ്ങ്. വിദേശത്തും കേരളത്തിലും സ്വന്തമായി സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കാന്‍ പ്രവാസി സമൂഹത്തെ പ്രോത്സാഹിപ്പിക്കുക എന്നതാണ് സംസ്ഥാന സര്‍ക്കാര്‍ സ്റ്റാര്‍ട്ടപ്പ് ഇന്‍ഫിനിറ്റി ലോഞ്ച്പാഡ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

യുഎഇ അടക്കമുളള വിദേശ രാജ്യങ്ങളില്‍ ഏകദേശം 32 ദശലക്ഷത്തിലധികം ഇന്ത്യന്‍ പ്രവാസികളുണ്ടെന്നാണ് കണക്ക്. കേരളത്തിന്‍റെ സമ്പദ് വ്യവസ്ഥയിലേക്ക് പ്രതിവര്‍ഷം 78 ബില്യണ്‍ ഡോളറാണ് പ്രവാസി സമൂഹം നല്‍കുന്നത്. കേരളത്തില്‍ ബിസിനസ് ആരംഭിക്കുന്നതിനും സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപിക്കുന്നതിനും പ്രവാസി സമൂഹത്തിന്‍റെ വിപുലമായ സംഭാവനകള്‍ പ്രയോജനപ്പെടുത്തുന്നതിനുമായാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സ്റ്റാര്‍ട്ടപ്പ് ഇന്‍ഫിനിറ്റി പദ്ധതി ആരംഭിക്കുന്നത്.