കാസര്‍ഗോഡ് ഗവ.കോളജ് പ്രിൻസിപ്പലിനെ മാറ്റാൻ നിർദ്ദേശം

 കാസര്‍ഗോഡ് ഗവ.കോളജ് പ്രിൻസിപ്പലിനെ മാറ്റാൻ നിർദ്ദേശം

കാസർകോട് ഗവൺമെന്‍റ് കോളേജിൽ വിദ്യാർഥികളെ പൂട്ടിയിട്ടെന്ന ആരോപണം ഉയർന്ന പ്രിൻസിപ്പൽ രമയെ നീക്കാൻ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിക്ക് ഉന്നത വിദ്യാഭ്യാസ മന്ത്രി ആ‌ർ ബിന്ദുവിന്റെ നി‍ർദ്ദേശം. ഇന്ന് രാവിലെ മുതൽ എസ് എഫ് ഐ പ്രവർത്തകരും വിദ്യാർഥികളും പ്രിൻസിപ്പലിനെ ഉപരോധിച്ചുകൊണ്ട് പ്രതിഷേധം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രിൻസിപ്പലിനെ നിക്കാൻ ഉന്നത വിദ്യാഭ്യാസ മന്ത്രി നി‍ർദ്ദേശം നൽകിയത്.

വിദ്യാർത്ഥികളെ പൂട്ടിയിടുകയും അപമര്യാദയായി പെരുമാറുകയും ചെയ്ത പ്രിൻസിപ്പൽ രമ രാജി വെയ്ക്കണമെന്ന ആവശ്യം മുൻ നിർത്തിയായിരുന്നു ഉപരോധം. കോളേജിലെ ഫിൽട്ടറിൽ നിന്ന് കലങ്ങിയ കുടിവെള്ളം വരുന്നത് സംബന്ധിച്ച് കഴിഞ്ഞ തിങ്കളാഴ്ച പരാതി പറയാനെത്തിയ വിദ്യാർത്ഥികളെ പ്രിൻസിപ്പൽ പൂട്ടിയിട്ടെന്നാണ് പരാതി ഉയർന്നത്. 20 മിനിട്ടിന് ശേഷമാണ് വിദ്യാർത്ഥികളെ തുറന്ന് വിട്ടതെന്നും പരാതിക്കാർ പറഞ്ഞിരുന്നു. പ്രശ്നം പരിഹരിക്കാമെന്ന് പിന്നീട് പ്രിൻസിപ്പൽ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതുണ്ടായില്ലെന്നും വീണ്ടും പ്രിൻസിപ്പൽ മോശമായി പെരുമാറിയെന്നുമാണ് വിദ്യാർത്ഥികളുടെ പരാതി.