ഉലകനായകന് ഇന്ന് പിറന്നാൾ

 ഉലകനായകന് ഇന്ന് പിറന്നാൾ

ഉലകനായകന് ഇന്ന് പിറന്നാൾ. സിനിമയില്‍ എതിരാളികളില്ലാത്ത പ്രതിഭാവിലാസമാണ് കമൽഹാസന്റേത്. ചലച്ചിത്രമേഖലയുടെ എല്ലാ രംഗത്തും ഒരേപോലെ മികവു തെളിയിച്ച അപൂര്‍വ്വ വ്യക്തിത്വമാണ് കമലഹാസൻ. നടന്‍, എഴുത്തുകാരന്‍, സംവിധായകന്‍, നിര്‍മ്മാതാവ്, നൃത്തസംവിധായകന്‍, ഗാനരചയിതാവ്, ഗായകന്‍ എന്നീ നിലകളിലെല്ലാം പ്രവർത്തിച്ച ഇദ്ദേഹം ഒരു സകലകാല വല്ലഭനാണ്. ആ കമൽഹാസന് ഇന്ന് (November 7)ന് 68 തികയുകയാണ്.

ബാലനടന്‍ എന്ന നിലയില്‍ ആറാമത്തെ വയസ്സില്‍ ആണ് ഇദ്ദേഹം അഭിനയം ആരംഭിച്ചത്. മാതൃഭാഷ തമിഴെങ്കിലും മലയാളിയെന്ന് അദ്ദേഹം പലപ്പോഴും സ്വയം വിശേഷിപ്പിച്ചു. പെറ്റമ്മയും പോറ്റമ്മയുമായാണ് കമല്‍ഹാസന്‍ തമിഴിനേയും മലയാളത്തേയും കാണുന്നത്. 1960-ല്‍ കളത്തൂര്‍ കണ്ണമ്മ എന്ന ചിത്രത്തിലൂടെ ബാലതാരമായി അരങ്ങേറ്റം കുറിച്ച അദ്ദേഹം ആറ് പതിറ്റാണ്ടിലേറെയായി വെള്ളിത്തിരയില്‍ സജീവ സാന്നിദ്ധ്യമാണ്. മികച്ച നടനുള്ള നാല് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍, 19 ഫിലിം ഫെയര്‍ അവാര്‍ഡുകള്‍, സിനിമയിലെ സംഭാവനകള്‍ക്ക് കലൈമാമണി, പത്മശ്രീ, പദ്മഭൂഷണ്‍ തുടങ്ങി എണ്ണമറ്റ പുരസ്‌ക്കാരങ്ങള്‍. 2016-ല്‍ ഫ്രഞ്ച് സര്‍ക്കാര്‍ കമലിനെ പ്രശസ്തമായ ഷെവലിയര്‍ ബഹുമതി നല്‍കി ആദരിച്ചു. ഓസ്‌ക്കര്‍ നോമിനേഷന്‍ ഉള്‍പ്പെടെയുള്ള നിലവാരമുള്ള ചിത്രങ്ങളിലൂടെ വിനോദവും കലാമൂല്യവും ഒപ്പം കലര്‍ത്തി ചലച്ചിത്രപരീക്ഷണങ്ങള്‍ വിജയരമായി നടപ്പാക്കി. മതേതരമായ കാഴ്ചപ്പാടോടെ രാഷ്ട്രീയ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യം സ്ഥാപിച്ചു പ്രവര്‍ത്തിക്കുന്നു. 1974ല്‍, കന്യാകുമാരി എന്ന ചിത്രത്തിലാണ് അദ്ദേഹം തന്റെ ആദ്യ നായക വേഷം ചെയ്തത്. തമിഴില്‍ മന്മദ ലീലയ്, 16 വയതിനിലെ, ചുവപ്പു റോജാകള്‍ തുടങ്ങിയ ഹിറ്റുകളുടെ ഒരു നിര തന്നെ നല്‍കി. 1977ല്‍ കോകില എന്ന ചിത്രത്തിലൂടെ കന്നഡയിലും അരങ്ങേറ്റം കുറിച്ചു. കര്‍ണാടകയിലും തമിഴ്നാട്ടിലും ചിത്രം വന്‍ ബ്ലോക്ക്ബസ്റ്റര്‍ ആയിരുന്നു. 1970-കളുടെ അവസാനത്തോടെ കമലിന് മികച്ച നടനുള്ള ആറ് ഫിലിംഫെയര്‍ അവാര്‍ഡുകള്‍ ലഭിച്ചു.

രാമനാഥപുരം ജില്ലയിലെ സാധാരണ തമിഴ് അയ്യങ്കാര്‍ കുടുംബത്തില്‍ ജനിച്ച കമല്‍ഹാസന്റെ അച്ഛന്‍ ഡി ശ്രീനിവാസന്‍ ക്രിമിനല്‍ അഭിഭാഷകനായിരുന്നു. അമ്മ രാജലക്ഷ്മി. നാല് സഹോദരങ്ങളില്‍ ഏറ്റവും ഇളയവനാണ് ഇദ്ദേഹം. സഹോദരന്മാര്‍ ചാരുഹാസനും ചന്ദ്രഹാസനും. സഹോദരി നളിനി. ഇതിൽ ചാരുഹാസൻ അഭിനയ രംഗത്ത് സജീവമാണ്. ചാരുഹാസന്റെ മകൾ പ്രശസ്ത നടി
സുഹാസിനിയാണ്. ചന്ദ്രഹാസന്റെ മകൾ നടി അനുഹാസ്സൻ.

1978 ൽ തന്റെ ഇരുപത്തി നാലാമത്തെ വയസ്സിൽ നർത്തകിയായിരുന്ന വാണി ഗണപതിയെ വിവാഹം ചെയ്തു. കമലഹാസന്റെ ചിത്രങ്ങളുടെ വസ്ത്രാലങ്കാരം പിന്നീട് വാണി ഏറ്റെടുക്കുകയായിരുന്നു. പത്തു വർഷത്തിനു ശേഷം ഈ ദമ്പതികൾ വേർപിരിഞ്ഞു. അതിനു ശേഷം കമലഹാസൻ അഭിനേത്രി ആയിരുന്ന സരികയെ വിവാഹം ചെയ്തു. കമലഹാസൻ പുത്രിമാരായ അക്ഷരയോടും,ശ്രുതിയോടുമൊപ്പം
രണ്ടാമത്തെ കുഞ്ഞുണ്ടായതിനു ശേഷമാണ് കമലഹാസനും സരികയും ഔദ്യോഗികമായി വിവാഹിതരാവാൻ തീരുമാനിച്ചത്. ഈ ബന്ധത്തിലുണ്ടായ കുട്ടികളാണ് ശ്രുതി ഹാസനും, അക്ഷര ഹാസനും. ഇവർ ഇപ്പോൾ സിനിമയിൽ സജീവമാണ്.