കലോത്സവം : മാധ്യമ അവാർഡിന് അപേക്ഷ ക്ഷണിച്ചു

 കലോത്സവം : മാധ്യമ അവാർഡിന് അപേക്ഷ ക്ഷണിച്ചു

അറുപത്തിയൊന്നാമത് കേരള സ്കൂൾ കലോത്സവത്തിന്റെ മികച്ച കവറേജിന് അച്ചടി-ദൃശ്യ -ശ്രവ്യ – ഓൺലൈൻ മാധ്യമങ്ങൾക്ക് അവാർഡ് നൽകുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് അപേക്ഷകൾ ക്ഷണിച്ചു. ജേതാക്കൾക്ക് ശില്പവും പാരിതോഷികവും നൽകും. ഓരോ അവാർഡിനും വെവ്വേറെ എൻട്രികളാണ് നൽകേണ്ടത്. അച്ചടി മാധ്യമത്തിലെ മികച്ച റിപ്പോർട്ട്‌ (ഇംഗ്ലീഷ് /മലയാളം), കാർട്ടൂൺ, ഫോട്ടോഗ്രാഫ് എന്നിവക്കുള്ള എൻട്രികൾ അവ പ്രസിദ്ധീകരിച്ച ഒറിജിനൽ പത്രവും മൂന്ന് പകർപ്പുകളും സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രവും സഹിതം സമർപ്പിക്കണം. അച്ചടി മാധ്യമത്തിലെ സമഗ്ര കവറേജുകൾ എൻട്രിക്കൊപ്പം ജനുവരി രണ്ട് മുതൽ ഒൻപത് വരെ പ്രസിദ്ധീകരിച്ച മികച്ച 10 വാർത്തകളുടെ ഒറിജിനലും മൂന്ന് പകർപ്പുകളും സ്ഥാപന മേധാവികളുടെ കത്തും സഹിതം സമർപ്പിക്കണം.

ദൃശ്യ മാധ്യമ വിഭാഗത്തിൽ മികച്ച റിപ്പോർട്ടർ, മികച്ച ക്യാമറാമാൻ, എന്നിവർക്കുള്ള അവാർഡുകൾ നൽകും. ദൃശ്യ മാധ്യമ വിഭാഗത്തിലെ മികച്ച റിപ്പോർട്ടിനായി പരമാവധി അഞ്ച് മിനുട്ട് വരെ നീളുന്ന ന്യൂസ്‌ സ്റ്റോറികൾ പരിഗണിക്കും. ദൃശ്യ മാധ്യമത്തിലെ മികച്ച ക്യാമറാമാനുള്ള അവാർഡിന് പരിഗണിക്കുന്നതിനായി ന്യൂസ്‌ വീഡിയോകൾ സമർപ്പിക്കണം. ദൃശ്യമാധ്യമ വിഭാഗങ്ങളിലെ സമഗ്ര കവറേജിന്‌ അയക്കുന്ന എൻട്രികളോടൊപ്പം സ്ഥാപനം 2023 ജനുവരി രണ്ട് മുതൽ ഒൻപത് വരെ ചെയ്ത മികച്ച 10 വാർത്തകളുടെ റിപ്പോർട്ടും എഴുതി തയ്യാറാക്കിയ മൂന്ന് പേജിൽ അധികരിക്കാത്ത അവലോകന റിപ്പോർട്ടും അതേ വാർത്തകളുടെ വിഷ്വൽസ് ഉൾപ്പെടുത്തി പരമാവധി അര മണിക്കൂർ ദൈർഘ്യമുള്ള വീഡിയോയും സഹിതം സമർപ്പിക്കേണ്ടതാണ്.

ശ്രവ്യമാധ്യമ വിഭാഗത്തിലെ സമഗ്ര കവറേജിന് അയക്കുന്ന എൻട്രികൾക്കൊപ്പം സ്ഥാപനം 2023 ജനുവരി 2 മുതൽ 9 വരെ ചെയ്ത മികച്ച 10 പരിപാടിയുടെ ശബ്ദലേഖനം ഉൾപ്പെടുത്തി പരമാവധി അരമണിക്കൂർ നീളുന്ന ഓഡിയോ ക്ലിപ്പ് സഹിതം നൽകേണ്ടതാണ്. ഓൺലൈൻ മാധ്യമ വിഭാഗത്തിലെ മികച്ച കവറേജിന് അയക്കുന്ന എൻട്രികളോടൊപ്പം സ്ഥാപനം 2023 ജനുവരി 2 മുതൽ 9 വരെ ചെയ്ത മികച്ച 10 പരിപാടിയുടെ റിപ്പോർട്ട് ഉൾപ്പെടുത്തി പരമാവധി അരമണിക്കൂർ നീളുന്ന റിപ്പോർട്ട്/ വീഡിയോ സഹിതം നൽകേണ്ടതാണ്. ദൃശ്യ ശ്രവ്യ ഓൺലൈൻ മാധ്യമ അവാർഡിനുള്ള മുഴുവൻ എൻട്രികളും പെൻഡ്രൈവിൽ സമർപ്പിക്കണം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തിയ്യതി ജനുവരി 15.

അപേക്ഷകൾ അയക്കേണ്ട വിലാസം – സി എ സന്തോഷ്‌, പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ(ജനറൽ) ആൻഡ്‌ ജനറൽ കൺവീനർ, സംസ്ഥാന സ്കൂൾ കലോത്സവം-2022, പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം, ജഗതി, തിരുവനന്തപുരം, 695014. ഇമെയിൽ വിലാസം – adpigen.dge@kerala.gov.in.
മനോജ്‌ കുമാർ സി, വിദ്യാഭ്യാസ ഉപഡയറക്ടർ, വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയം, മാനാഞ്ചിറ, കോഴിക്കോട് 673001. ഇമെയിൽ വിലാസം ddekkd. dge@kerala.gov.in