അവഗണിച്ചതില്‍ വീണ്ടും പ്രതികരണവുമായി കെ മുരളീധരന്
കോൺഗ്രസിന്റെ വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തില്‍ തന്നെ അവഗണിച്ചതില്‍ വീണ്ടും പ്രതികരണവുമായി കെ മുരളീധരന്. പരിപാടിയില്‍ സംസാരിക്കാന്‍ സമയം തരാതെ അവഗണിച്ചത് മനപ്പൂര്‍വമാണെന്ന് കെ മുരളീധരന് പ്രതികരിച്ചു. തന്നെ അവഗണിച്ചത് മനപ്പൂര്‍വ്വമാണ്, വൈക്കം സത്യഗ്രഹ ശതാബ്ദി സംബന്ധിച്ച് പാര്‍ട്ടി പത്രം വീക്ഷണം പുറത്തിറക്കിയ സപ്ലിമെന്റിലും തന്റെ പേരില്ലെന്ന് മുരളീധരന് പറഞ്ഞു.
‘സ്വരം നന്നായിരിക്കുമ്പോൾ പാട്ട് നിർത്താനാണ് തീരുമാനം. പാർട്ടിക്ക് തന്റെ സേവനം വേണ്ടെങ്കിൽ വേണ്ട’, ഇക്കാര്യത്തിൽ കെ സി വേണുഗോപാലിനെ അതൃപ്തി അറിയിച്ചിട്ടുണ്ടെന്നും കെ മുരളീധരന് പറഞ്ഞു. തന്നോടുള്ള അവഗണനയുടെ കാരണം അറിയില്ല, കെ കരുണാകരനും അവഗണന നേരിട്ടിട്ടുണ്ട്. എല്ലാവരും സമയമെടുത്ത് സംസാരിക്കുമ്പോള്‍ തനിക്ക് മാത്രം സമയം തരാത്തത് എന്തുകൊണ്ടാണ്. എല്ലാവരും ധാരാളം പ്രസംഗിച്ചു. ഒരാൾ ഒഴിവായാൽ അത്രയും നല്ലതാണ് എന്നാണ് അവരുടെയൊക്കെ മനോഭാവം എന്നും മുരളീധരൻ തുറന്നടിച്ചു.