ജി. ശേഖരന്‍ നായര്‍ അന്തരിച്ചു

 ജി. ശേഖരന്‍ നായര്‍ അന്തരിച്ചു

മുതിർന്ന പത്രപ്രവർത്തകനും മാതൃഭുമി തിരുവനന്തപുരം മുൻ ബ്യുറോ ചീഫുമായിരുന്ന ജി ശേഖരന്‍ നായര്‍ (75) അന്തരിച്ചു. ശനിയാഴ്ച രാവിലെ 11 മണിയോടെ തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയ ശസ്ത്രക്രിയയ്ക്കു ശേഷം ചികിത്സയിൽ കഴിയുകയായിരുന്ന അദ്ദേഹത്തിന്റെ നില വെള്ളിയാഴ്ച രാത്രിയോടെ വഷളാവുകയായിരുന്നു.

അമ്പതു വർഷത്തിലേറെ നീണ്ട ശേഖരന്‍ നായരുടെ പത്രപ്രവർത്തന ജീവിതത്തിൽ സ്‌ഫോടനം സൃഷ്ടിച്ച നിരവധി അന്വേഷണാത്മക റിപ്പോർട്ടുകളും കുറിക്കു കൊള്ളുന്ന വിമർശനാത്മക ലേഖനങ്ങളും കൊണ്ട് സമ്പന്നമായിരുന്നു. മലയാള മാധ്യമ രംഗത്ത് അന്വേഷണാത്മക പത്രപ്രവർത്തനത്തിന് പാതയൊരുക്കിയവരിൽ പ്രധാനിയായിരുന്നു അദ്ദേഹം. എൺപതുകളിൽ ശേഖരന്‍ നായര്‍ മാതൃഭൂമിയിലൂടെ പുറത്തുകൊണ്ടുവന്ന ഭരണരംഗത്തെ അഴിമതിക്കഥകൾ പത്രവായനക്കാർക്ക് പുതിയ അനുഭവമായി.

മികച്ച പത്രപ്രവർത്തകനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡിന് മൂന്നു തവണയാണ് ശേഖരന്‍ നായരെ തിരഞ്ഞെടുത്തത്. ഇതുൾപ്പെടെ 35 ലേറെ അവാർഡുകൾ തന്റെ ഔദ്യോഗീക ജീവിതത്തിനിടെ ശേഖരന്‍ നായരെ തേടിയെത്തി. മാതൃഭൂമിയില്‍ നിന്ന് വിരമിച്ച ശേഷവും യൂട്യൂബ് ചാനലുകളിലൂടെ രാഷ്ട്രീയ അവലോകനം അദ്ദേഹം നടത്തിയിരുന്നു. തിരുവനന്തപുരം പ്രസ് ക്ലബ്ബ് സെക്രട്ടറി, കേരള പത്രപ്രവർത്തക യൂണിയന്‍ സംസ്ഥാന സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.