ഐ.വി.ശശി വിടവാങ്ങിയിട്ട് ഇന്നേയ്ക്ക് അഞ്ച് വര്‍ഷം
സംവിധായകന്റെ പേര് നോക്കി മലയാളികള്‍ തിയേറ്ററില്‍ കയറാന്‍ തുടങ്ങിയത് ഐ.വി.ശശി എന്ന സംവിധായകന്റെ വരവോടെയാണ്. വ്യത്യസ്ത ജോണറുകളിലൂടെ മലയാളികളെ അതിശയിപ്പിച്ച സംവിധായകന്‍ വിടവാങ്ങിയിട്ട് ഇന്നേയ്ക്ക് അഞ്ച് വര്‍ഷം തികയുകയാണ്. കുടുംബ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ട വിഷയങ്ങള്‍ കൂടുതലായും കൈകാര്യം ചെയ്യുമ്പോഴും തൊട്ടാല്‍ പൊള്ളുന്ന പ്രമേയങ്ങളും അദ്ദേഹം മടിയില്ലാതെ അവതരിപ്പിച്ചു. പ്രേം നസീര്‍ മലയാള സിനിമയുടെ എല്ലാമെല്ലാമായി നിറഞ്ഞു നില്‍ക്കുമ്പോഴായിരുന്നു ഐ.വി ശശിയുടെ അരങ്ങേറ്റം. എന്നാല്‍, പ്രേം നസീറിന്റെ താരമൂല്യത്തെ ആശ്രയിക്കാതെ തന്റേതായ ഇരിപ്പിടം മലയാള സിനിമയില്‍ സ്വന്തമാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. മലയാളത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെയുള്ള സൂപ്പര്‍ താരങ്ങളുടെ വളര്‍ച്ചയ്ക്ക് ശക്തമായ അടിത്തറ പാകിയ സംവിധായകനാണ് ഐ.വി ശശി. സോമനും രതീഷുമെല്ലാം ഐ.വി ശശിയുടെ ചിത്രങ്ങളില്‍ തിളങ്ങി.
1968-ൽ എ.ബി.രാജിന്റെ കളിയല്ല കല്ല്യാണം എന്ന സിനിമയിൽ കലാസംവിധായകനായിട്ടായിരുന്നു തുടക്കം. ഛായാഗ്രാഹ സഹായിയായും പ്രവർത്തിച്ചിട്ടുണ്ട്. പിന്നീട് സഹ സംവിധായകനായി കുറെ ചലച്ചിത്രങ്ങളിൽ പ്രവർത്തിച്ചു. ആദ്യചലച്ചിത്രം ഇരുപത്തിഏഴാം വയസ്സിൽ സംവിധാനം ചെയ്തു. ഈ ചലച്ചിത്രത്തിൽ അദ്ദേഹത്തിന്റെ പേര് ചേർത്തിരുന്നില്ലെങ്കിലും ആദ്യം സംവിധാനം ചെയ്ത ചലച്ചിത്രം ഒരു വൻവിജയമായിരുന്നു. ആദ്യ സംവിധാനം ചെയ്തതായി അറിയപ്പെടുന്ന ചലച്ചിത്രം ഉത്സവം (ചലച്ചിത്രം) ആണ്. പിന്നീട് വന്ന അവളുടെ രാവുകൾ എന്ന സിനിമ മലയാളചലച്ചിത്ര ചരിത്രത്തിലെ തന്നെ ഒരു വിജയ ചിത്രം ആണ്. ഈ ചലച്ചിത്രം പിന്നീട് ഹിന്ദിയിലേക്കും മൊഴിമാറ്റം നടത്തിയിരുന്നു. അവളുടെ രാവുകൾ മലയാളത്തിലെ A വിഭാഗത്തിൽ പെട്ട ആദ്യത്തെ സിനിമയായിരുന്നു. മലയാളത്തിന് പുറമെ തമിഴിലും ഹിന്ദിയിലും ഏഴ് വീതവും തെലുങ്കിൽ രണ്ടും സിനിമകൾ ചെയ്തു. ഇദ്ദേഹത്തിൻറ്റെ കൂടുതൽ സിനിമകളുഠ “അ”എന്നക്ഷരത്തിൽ തുടങ്ങുന്നതാണ്.
1948 മാർച്ച് 28 നാണു അദ്ദേഹം ജനിച്ചത്. കോഴിക്കോട് വെസ്റ്റ്ഹിൽ സ്വദേശിയായ ഐ.വി.ശശി മദ്രാസ് സ്‌കൂൾ ഓഫ് ആർട്‌സിൽ നിന്ന് ചിത്രകലയിൽ ഡിപ്ലോമ നേടിയശേഷമാണ് സിനിമയിലെത്തിയത്. അഭിനേത്രിയായ സീമയാണ് ഭാര്യ. ശശി സംവിധാനം ചെയ്ത ഇതാ ഇവിടെ വരെയുടെ സെറ്റിൽ വച്ചാണ് സീമയെ പരിചയപ്പെടുന്നത്. അതിനു ശേഷം ശശിയുടെ ഒരുപാട് സിനിമകളിൽ സീമ നായികയായിരുന്നു. അവർ ഏകദേശം മുപ്പതോളം സിനിമകളിൽ ഒന്നിച്ച് ജോലി നോക്കി. ഇവർക്ക് അനു, അനി എന്നിങ്ങനെ രണ്ട് മക്കളുണ്ട്. 2017 ഒക്ടോബർ 24-ന് തന്റെ 69-ആം വയസ്സിൽ ചെന്നൈയിലെ സ്വവസതിയിൽ വച്ചുണ്ടായ ഹൃദയാഘാതത്തെത്തുടർന്ന് അദ്ദേഹം അന്തരിച്ചു.