വാഹന ലൈസന്‍സ് സംവിധാനം ഐ.ടി.സി വഴി
അബൂദബിയിലെ ഡ്രൈവര്‍, വാഹന ലൈസന്‍സ് സംവിധാനം ഇനിമുതല്‍ സംയോജിത ഗതാഗത കേന്ദ്രം (ഐ.ടി.സി.) കൈകാര്യം ചെയ്യും. അബൂദബി പൊലീസ് ആയിരുന്നു ഇതുവരെ ഈ വകുപ്പ് കൈകാര്യം ചെയ്തിരുന്നത്. ഈ സേവനങ്ങള്‍ അബൂദബി നഗര, ഗതാഗത വകുപ്പിനു കീഴിലെ സംയോജിത ഗതാഗത കേന്ദ്രത്തിനു കൈമാറിയ കാര്യം അബൂദബി സര്‍ക്കാര്‍ മീഡിയാ ഓഫിസ് ആണ് പ്രഖ്യാപിച്ചത്. അബൂദബി ഗതാഗത മേഖലയെ കൂടുതല്‍ വികസിപ്പിക്കുകയും ഉപയോക്താക്കളുടെ സംതൃപ്തി നിരക്ക് വര്‍ധിപ്പിക്കുകയുമാണ് നടപടിയിലൂടെ ലക്ഷ്യമിടുന്നത്.
അബൂദബി പൊലീസ് ജനറല്‍ ഹെഡ്ക്വാര്‍ട്ടേഴ്സുമായി സഹകരിച്ചായിരിക്കും സംയോജിത ഗതാഗതകേന്ദ്രം ലൈസന്‍സ് സേവനങ്ങള്‍ പൂര്‍ത്തിയാക്കുക. സേവനവിഭാഗത്തിന്റെ കൈമാറ്റം പൂര്‍ണമാകുന്നതു വരെ നിലവിലെ ലൈസന്‍സിങ് കേന്ദ്രങ്ങളും ഡിജിറ്റല്‍ ചാനലുകളും സംയോജിത ഗതാഗത കേന്ദ്രം ഉപയോഗിക്കും. വാഹന, ഡ്രൈവര്‍ ലൈസന്‍സ് സേവനങ്ങളുടെ ഗുണനിലവാരം തുടരുമെന്നും ബന്ധപ്പെട്ട എല്ലാ വകുപ്പുകളുമായും അടുത്ത സഹകരണം ഉണ്ടാവുമെന്നും സംയോജിത ഗതാഗതകേന്ദ്രം പ്രസ്താവനയില്‍ അറിയിച്ചു.