ഉപഗ്രഹ പുനഃപ്രവേശന ദൗത്യം വിജയം : ഐ.എസ്.ആർ.ഒ
ദൗത്യ കാലാവധി പൂർത്തിയാക്കി ഡികമീഷൻ ചെയ്ത ലോ എർത്ത് ഓർബിറ്റ് ഉപഗ്രഹമായ മേഘ ട്രോപിക്-1നെ (എംടി1) ഭൂമിയിലേക്ക് തിരികെയെത്തിക്കാനുള്ള ശ്രമം വിജയിച്ചെന്ന് ഐ.എസ്.ആർ.ഒ. ‘നിയന്ത്രിത തിരിച്ചിറക്കൽ പ്രക്രിയ’യിലൂടെ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് തിരികെ പ്രവേശിച്ച ഉപഗ്രഹം ശാന്തസമുദ്രത്തിന് മുകളിൽ കത്തിയെരിഞ്ഞുതീർന്നു.
കാലാവസ്ഥാ പഠനത്തിനായി ഐ.എസ്.ആർ.ഒയുടെയും ഫ്രഞ്ച് ബഹിരാകാശ ഏജൻസിയായ സി.എൻ.ഇ.എസിന്റെയും സംയുക്ത ഉപഗ്രഹ സംരംഭമായി 2011 ഒക്ടോബർ 12 നാണ് എംടി1 വിക്ഷേപിച്ചത്. ഉപഗ്രഹ ദൗത്യം മൂന്ന് വർഷമായിരുന്നെങ്കിലും ഏകദേശം 1000 കിലോഗ്രാം ഭാരമുള്ള എംടി1 ഭ്രമണപഥത്തിൽ 10 വർഷത്തിലേറെയായി കാലാവസ്ഥാ വിവരങ്ങൾ നൽകിക്കൊണ്ടിരുന്നു. 125 കി.ഗ്രാം ഇന്ധനം എംടി1ൽ ശേഷിച്ചിരുന്നു. ഈ ഇന്ധനം ഉപയോഗിച്ചാണ് നിയന്ത്രിതമായ തിരിച്ചിറക്കൽ ദൗത്യം നടത്താൻ ഐ.എസ്.ആർ.ഒ തീരുമാനിച്ചത്. വളരെ താഴ്ന്ന ഭ്രമണപഥത്തിലേക്ക് ഉപഗ്രഹത്തെ കൊണ്ടുവന്നശേഷം ശാന്തസമുദ്രത്തിലെ ജനവാസമില്ലാത്ത മേഖലയിലേക്ക് ഇറക്കുകയായിരുന്നു. ആകാശത്തുവെച്ചുതന്നെ ഉപഗ്രഹം കത്തിയെരിഞ്ഞതായും വലിയ മാലിന്യങ്ങളൊന്നും അവശേഷിക്കുന്നില്ലെന്നും ഐ.എസ്.ആർ.ഒ അറിയിച്ചു.
ബഹിരാകാശ മാലിന്യം കുറക്കാനുള്ള അന്താരാഷ്ട്ര ധാരണകൾ അനുസരിക്കാൻ ഐ.എസ്.ആർ.ഒ പ്രതിജ്ഞാബദ്ധമാണെന്നും അതിന്‍റെ ഭാഗമാണ് കാലാവധി കഴിഞ്ഞ ഉപഗ്രഹത്തെ തിരിച്ചിറക്കിയതെന്നും ഏജൻസി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.