ചന്ദ്രയാൻ വിക്ഷേപണം ; ജൂലൈ 14 ന്

 ചന്ദ്രയാൻ വിക്ഷേപണം ;  ജൂലൈ 14 ന്

ഐഎസ്ആർഒയുടെ അഭിമാന പദ്ധതിയായ ചന്ദ്രയാൻ മൂന്നിന്റെ വിക്ഷേപണം ഒരു ദിവസത്തേക്ക് മാറ്റി. ജൂലൈ 13 ന് വിക്ഷേപിക്കാനാണ് നേരത്തേ നിശ്ചയിച്ചിരുന്നത്. ജൂലൈ 14 ന് വിക്ഷേപിക്കുമെന്നാണ് ഇപ്പോൾ ലഭിച്ച വിവരം. എന്തെങ്കിലും കാരണത്താൽ വിക്ഷേപണം വൈകുകയാണെങ്കിൽ ജൂലൈ 20 വരെ വിക്ഷേപണം നടത്താൻ സമയമുണ്ട്. വിക്ഷേപണത്തിന് മുന്നോടിയായി റോക്കറ്റ് ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയിലേക്ക് മാറ്റിത്തുടങ്ങി.

ജൂലൈ 14 ന് ഉച്ചക്ക് 2.30നാണ് ശ്രീഹരിക്കോട്ടയിലെ രണ്ടാം നമ്പർ ലോഞ്ച് പാ‍ഡിൽ നിന്ന് ചന്ദ്രയാൻ മൂന്ന് വിക്ഷേപിക്കുക. വിക്ഷേപണത്തിനായി റോക്കറ്റ് തയ്യാറായി. ക്രയോജനിക് ഘട്ടം റോക്കറ്റുമായി കൂട്ടിച്ചേർത്തു. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ സോഫ്റ്റ് ലാൻഡിംഗ് ആണ് ചന്ദ്രയാൻ മൂന്ന് ദൗത്യത്തിന്റെ ലക്ഷ്യം. പ്രൊപ്പൽഷൻ മൊഡ്യൂൾ, ലാൻഡർ, റോവർ എന്നിവ അടങ്ങുന്നതാണ് ദൗത്യം. ചന്ദ്രയാൻ രണ്ടിന്റെ ഓർബിറ്റർ ഇപ്പോഴും പ്രവർത്തനക്ഷമമാണ്. അതിനാൽ മൂന്നാം ദൗത്യത്തിൽ ഓർബിറ്ററിൽ കാര്യമായ പരീക്ഷണ ഉപകരണങ്ങൾ ഇല്ല. ലാൻഡറിനെ ചാന്ദ്ര ഭ്രമണപഥത്തിൽ എത്തിക്കുകയാണ് പ്രൊപ്പൽഷൻ മൊഡ്യൂളിന്റെ ലക്ഷ്യം.