ഇസ്രായേലി വിമാനങ്ങള്‍ക്ക് ഇന്ത്യയിലേക്ക് ഇനി നേരിട്ടുപറക്കാം
ഒമാന്‍ വ്യോമാതിര്‍ത്തി തുറന്നു. ഇനി ഒമാനിലൂടെ ഇസ്രായേല്‍ വിമാനങ്ങള്‍ക്ക് പറക്കാന്‍ അനുമതി നല്‍കി. അനുമതി നല്‍കിയതിനെ സ്വാഗതം ചെയ്തിരിക്കുകയാണ് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇസ്രായേല്‍ വ്യോമയാനത്തെ സംബന്ധിച്ച് ഇതൊരു മഹത്തായ ദിവസമാണ്. ഏഷ്യക്കും യൂറോപ്പിനും ഇടയിലുള്ള പ്രധാന ഗതാഗത കേന്ദ്രമായി ഇസ്രായേല്‍ മാറിയിരിക്കുന്നുവെന്നും നെതന്യാഹു പറഞ്ഞു.
2018ലെ ഒമാന്‍ സന്ദര്‍ശനം മുതല്‍ ഇസ്രായേല്‍ വിമാനക്കമ്പനികള്‍ക്ക് ഒമാന്‍ വ്യോമാതിര്‍ത്തിയിലൂടെ പറക്കാനുള്ള അനുമതിക്കായി പ്രവര്‍ത്തിക്കുകയായിരുന്നെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി പറഞ്ഞു. കിഴക്കന്‍ ഏഷ്യ, ഇന്ത്യ, തായ്‌ലന്റ് എന്നിവിടങ്ങളിലേക്കുള്ള ഇസ്രായേലി എയര്‍ലൈനുകള്‍ അറേബ്യന്‍ പെനിന്‍സുല ഒഴിവാക്കാന്‍ തെക്ക് ഭാഗങ്ങളിലൂടെയായിരുന്നു സഞ്ചാരപാത തെരഞ്ഞെടുത്തിരുന്നത്. അതേസമയം ഒമാനും ഇസ്രായേലും തമ്മില്‍ നയതന്ത്ര ബന്ധമില്ല.
ഒമാന്റെ പുതിയ പ്രഖ്യാപനത്തോടെ ഇന്ത്യയിലേക്കും തായ്‌ലന്റിലേക്കുമുള്‍പ്പെടെ ഇസ്രായേലില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് രണ്ട് മുതല്‍ നാല് മണിക്കൂര്‍ വരെ സമയം ലാഭിക്കാം. ഇതിലൂടെ വിമാനക്കമ്പനികള്‍ക്ക് ഇന്ധന ചിലവ് കുറയുമെന്നതിനാല്‍ യാത്രക്കാര്‍ക്കുള്ള ടിക്കറ്റ് നിരക്കിലും കുറവുവരും. സൗദി വ്യോമപാതകളുപയോഗിച്ചാണ് ടെല്‍ അവീവില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യയുടെ വിമാനം പറക്കുന്നത്.
ഇസ്രായേലി എയര്‍ലൈനുകള്‍ക്ക് തങ്ങളുടെ വ്യോമാതിര്‍ത്തി ഉപയോഗിക്കാന്‍ കഴിഞ്ഞ വര്‍ഷം സൗദി അനുമതി നല്‍കിയിരുന്നെങ്കിലും ഒമാന്‍ വ്യോമാതിര്‍ത്തി അടച്ചിരുന്നു. തുടര്‍ന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ സന്ദര്‍ശനത്തിന് പിന്നാലെയാണ് ഇസ്രായേലി എയര്‍ലൈനുകള്‍ക്ക് പറക്കാനുള്ള സൗദിയുടെ അനുമതി കിട്ടിയത്.