ഇരവികുളം ദേശീയോദ്യാനം ഇന്ന് മുതൽ തുറക്കും
രണ്ടുമാസം അടച്ചിട്ട ഇരവികുളം ദേശീയോദ്യാനം ഇന്ന് മുതൽ തുറക്കും. വരയാടുകളുടെ പ്രജനനകാലം പ്രമാണിച്ച് ഫെബ്രുവരി ഒന്നുമുതൽ പ്രവേശനവിലക്ക് ഏർപ്പെടുത്തിയിരുന്ന ഇരവികുളം ദേശീയോദ്യാനം ശനിയാഴ്ച മുതലാണ് വീണ്ടും സഞ്ചാരികൾക്കായി തുറക്കുക. ഇരവികുളത്തിന്റെ ടൂറിസം സോണായ രാജമലയിലാണ് വരയാടുകളെ അടുത്ത് കാണാനാവുക.
ഫെബ്രുവരി, മാർച്ച് മാസങ്ങളാണ് വരയാടുകളുടെ പ്രസവകാലം. ഈ സീസണിൽ നൂറിൽപരം കുഞ്ഞുങ്ങളാണ് ഇതുവരെ പിറന്നത്. ഏപ്രിലിൽ വനംവന്യജീവി വകുപ്പ് നടത്തുന്ന കണക്കെടുപ്പിൽ നവജാത കുഞ്ഞുങ്ങളുടെയും മൊത്തം വരയാടുകളുടെയും എണ്ണം തിട്ടപ്പെടുത്തും. സഞ്ചാരികൾക്കായി ഒട്ടേറെ സൗകര്യങ്ങളാണ് ഉദ്യാനത്തിൽ ഒരുക്കിയിരിക്കുന്നത്. മുതിർന്നവർക്ക് 200ഉം കുട്ടികൾക്കും വിദ്യാർഥികൾക്കും 150ഉം രൂപയാണ് പ്രവേശന ഫീസ്. പ്രവേശന ടിക്കറ്റുകൾ www.eravikulamnationalpark.in എന്ന വെബ്സൈറ്റിൽ ഓൺലൈനായി ബുക്ക് ചെയ്യാം.
ഉദ്യാനത്തിന്റെ പ്രവേശനകവാടമായ അഞ്ചാംമൈലിലെ വനംവകുപ്പ് കൗണ്ടറിലും ടിക്കറ്റ് ലഭ്യമാണ്. അഞ്ചാംമൈലിൽനിന്ന് ആറ് കിലോമീറ്ററുള്ള രാജമലയിലേക്ക് ബാറ്ററിയിലോടുന്ന ബഗി കാർ സൗകര്യവും ഇത്തവണ ഏർപ്പെടുത്തിയിട്ടുണ്ട്. അഞ്ചുപേർക്കാണ് ഇതിൽ യാത്രചെയ്യാവുന്നത്. 7500 രൂപയാണ് ഫീസ്. ഒരുദിവസം 2880 പേർക്കാണ് ഇരവികുളം ഉദ്യാനത്തിൽ പ്രവേശനമുള്ളത്.