ഐപിഎല്‍ കിരീടം ; സിഎസ്കെയ്ക്ക്
തുടർച്ചയായ രണ്ടാം കിരീടം സ്വപ്നം കണ്ടിറങ്ങിയ ഗുജറാത്ത് ടൈറ്റാൻസിനെ അവരുടെ ഹോംഗ്രൗണ്ടായ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ അഞ്ച് വിക്കറ്റിന് തകർത്തുവിട്ട് ധോണിയുടെ ചെന്നൈ സൂപ്പർ കിങ്സിന് അഞ്ചാം ഐ.പി.എൽ കിരീടം. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഹർദിക് പാണ്ഡ്യയും സംഘവും 20 ഓവറുകളിൽ നാല് വിക്കറ്റ് നഷ്ടത്തിൽ അടിച്ചെടുത്തത് 214 റൺസ്. കനത്ത മഴ കാരണം റിസർവ് ദിനത്തിലേക്ക് മാറ്റിയ ഐ.പി.എൽ ഫൈനലിൽ വീണ്ടും മഴ കളിച്ചതോടെ ചെന്നൈ സൂപ്പർ കിങ്സിന്റെ വിജയ ലക്ഷ്യം മഴ നിയമപ്രകാരം 15 ഓവറിൽ 171 റൺസാക്കി ചുരുക്കിയിരുന്നു.
അവസാന പന്തുവരെ നീണ്ട ആവേശപ്പോരിൽ രവീന്ദ്ര ജദേജയാണ് ( ആറ് പന്തുകളിൽ 15) സിഎസ്കെ-ക്കായി വിജയ റൺ നേടിയത്. അവസാന രണ്ട് പന്തുകളിൽ വേണ്ടത് പത്ത് റൺസ്. അപകടകാരിയായ മോഹിത് ശര്‍മയുടെ പന്തുകളില്‍ സിക്സും ഫോറുമടിച്ചാണ് ജദേജ ചെന്നൈക്ക് ചരിത്ര വിജയം സമ്മാനിച്ചത്. ശിവം ധുബേ 21 പന്തുകളിൽ 32 റൺസുമായി മികച്ച പിന്തുണ നൽകി.