ഐ പി എൽ പതിനാറാം സീസണ് ഇന്ന് തുടക്കം
ആവേശത്തിന്റെയും ഉദ്വേഗത്തിന്റെയും ക്രിക്കറ്റ് സായാഹ്നങ്ങൾ സമ്മാനിക്കുന്ന ഐ.പി.എല്ലിന് ഇന്ന് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ തുടക്കം. 16ാം സീസണിലെ ഉദ്ഘാടന മത്സരത്തിൽ നിലവിലെ ജേതാക്കളായ ഗുജറാത്ത് ടൈറ്റൻസ് മുൻ ജേതാക്കളായ ചെന്നൈ സൂപ്പർ കിങ്സിനെ നേരിടും.
രാത്രി 7.30നാണ് ഐ.പി.എൽ പൂരത്തിന് കൊടിയേറുക. നാല് വർഷത്തെ ഇടവേളക്കുശേഷമാണ് ഹോം- എവേ അടിസ്ഥാനത്തിൽ മത്സരങ്ങൾ നടത്തുന്നത്. 2020ലും 21ലും കോവിഡ് കാരണം യു.എ.ഇയിലായിരുന്നു ഐ.പി.എൽ നടന്നത്. കഴിഞ്ഞ വർഷം പത്ത് ടീമുകളായി മാറ്റിയെങ്കിലും മുംബൈയിലും പുണെയിലുമായിരുന്നു പ്രധാനമായും മത്സരങ്ങൾ. ഇത്തവണ 12 നഗരങ്ങളിലായി 70 പ്രാഥമിക മത്സരങ്ങളുണ്ടാകും.
മേയ് 28നാണ് ഫൈനൽ. ക്വാളിഫയർ, എലിമിനേറ്റർ മത്സരങ്ങളുടെ തീയതി തീരുമാനിച്ചിട്ടില്ല. ഇംപാക്ട് പ്ലയർ, ടോസിട്ടതിന് ശേഷം ഇലവനെ പ്രഖ്യാപിക്കാനുള്ള അനുവാദം തുടങ്ങിയ പുതുമകൾ ഇത്തവണയുണ്ട്. ഓരോ ഇന്നിങ്സിലും അമ്പയർമാരുടെ തീരുമാനത്തെ പുനരവലോകനം നടത്തുന്ന ഡി.ആർ.എസ് സമ്പ്രദായം രണ്ട് തവണ അനുവദിക്കും. ഇംപാക്ട് പ്ലയർ അടക്കം 12 താരങ്ങളാണ് അവസാന ‘ഇലവനിൽ’ ഉൾപ്പെടുന്നത്. 11 പേർക്കേ കളിക്കാനാകൂ.