ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പ്രൈമറി സ്കൂൾ വിദ്യാർത്ഥി അന്തരിച്ചു
ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പ്രൈമറി സ്കൂൾ വിദ്യാർത്ഥിനിയെന്ന് കരുതപ്പെടുന്ന 99 കാരിയായ പ്രിസില്ല സിറ്റിയെനി കെനിയയിലെ വീട്ടിൽ വച്ച് അന്തരിച്ചു. പ്രാദേശിക കലൻജിൻ ഭാഷയിൽ മുത്തശ്ശി എന്നർത്ഥം വരുന്ന “ഗോഗോ” എന്നായിരുന്നു അവര്‍ അറിയപ്പെട്ടിരുന്നത്. ബുധനാഴ്ചത്തെ ക്ലാസില്‍ പങ്കെടുത്ത ശേഷം പ്രിസില്ല സിറ്റിയെനിയ്ക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നെന്നും തുടര്‍ന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നെന്നും ബിബിസി റിപ്പോര്‍ട്ട് ചെയ്തു.
പ്രിസില്ല സിറ്റിയെനിയും അവരുടെ 12 വയസുള്ള സഹപാഠികളും അടുത്ത ആഴ്ച ആരംഭിക്കാനിരുന്ന അവസാന വര്‍ഷ പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നതിനിടെയായിരുന്നു മരണം. സിറ്റിനേയിയുടെ കഥ യുഎൻ സാംസ്കാരിക വിദ്യാഭ്യാസ ഏജൻസിയായ യുനെസ്കോയുടെ ഒരു സിനിമയ്ക്ക് പ്രചോദനമായിരുന്നു. ബ്രിട്ടീഷ് കെനിയയിലായിരുന്നു സിറ്റിയെനിയുടെ ജനനം. രാജ്യത്തിന്റെ സ്വാതന്ത്ര്യ പ്രക്ഷോഭങ്ങള്‍ക്ക് ഇടയിലൂടെയായിരുന്നു അവര്‍ വളര്‍ന്നത്.
സ്കൂളിലേക്ക് മടങ്ങാൻ യുവതികളായ അമ്മമാരെ പ്രചോദിപ്പിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്ന് അവർ കഴിഞ്ഞ വർഷം യുനെസ്കോയോട് പറഞ്ഞു. “അവർക്ക് മാത്രമല്ല, ലോകമെമ്പാടുമുള്ള സ്കൂളിൽ പഠിക്കാത്ത മറ്റ് പെൺകുട്ടികൾക്കും ഒരു മാതൃകയാകാന്‍ ഞാൻ ആഗ്രഹിക്കുന്നു. വിദ്യാഭ്യാസം കൂടാതെ, നിങ്ങളും കോഴിയും തമ്മിൽ ഒരു വ്യത്യാസവുമില്ല,” അവര്‍ പറഞ്ഞതായി അന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതോടെയാണ് ലോകമെങ്ങും പ്രിസില്ല സിറ്റിയെനി പ്രശസ്തയായത്.