റീലുകള്‍ കൂടുതല്‍ മെച്ചമാക്കാം; പുതിയ ഫീച്ചറുകളുമായി ഇന്‍സ്റ്റഗ്രാം

 റീലുകള്‍ കൂടുതല്‍ മെച്ചമാക്കാം; പുതിയ  ഫീച്ചറുകളുമായി ഇന്‍സ്റ്റഗ്രാം

ഷോര്‍ട്ട് വീഡിയോ പങ്കുവെയ്ക്കാന്‍ സഹായിക്കുന്ന റീല്‍സില്‍ പുതിയ രണ്ടു ഫീച്ചറുകള്‍ അവതരിപ്പിച്ച് ഇന്‍സ്റ്റഗ്രാം. റീലുകളും ഫോട്ടോകളും ഷെഡ്യൂള്‍ ചെയ്ത് വെയ്ക്കാന്‍ സഹായിക്കുന്നതാണ് ഒരു ഫീച്ചര്‍. റീലുകള്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന അച്ചീവ്‌മെന്റ്‌സ് ആണ് അടുത്ത ഫീച്ചര്‍.പോസ്റ്റുകളും റീലുകളും 75 ദിവസം വരെ ഷെഡ്യൂള്‍ ചെയ്ത് വെയ്ക്കാന്‍ കഴിയുന്നതാണ് ആദ്യ ഫീച്ചര്‍.

ഷെഡ്യൂളിങ് ടൂളില്‍ കയറി വേണം ഇത് ചെയ്യേണ്ടത്. അഡ്വാന്‍സ്ഡ് സെറ്റിങ്‌സ് പ്രയോജനപ്പെടുത്തി വേണം ഈ സേവനം ഉപയോഗിക്കേണ്ടത്. തുടര്‍ന്ന് ഷെഡ്യൂള്‍ ദിസ് പോസ്റ്റില്‍ ക്ലിക്ക് ചെയ്ത് പോസ്റ്റുകളോ റീലുകളോ ഷെഡ്യൂള്‍ ചെയ്ത് വെയ്ക്കാന്‍ സാധിക്കും. ഫീഡില്‍ പോസ്റ്റ് പങ്കുവെയ്‌ക്കേണ്ട സമയവും തീയതിയും മുന്‍കൂട്ടി നിശ്ചയിക്കാം. തുടര്‍ന്ന് ഷെഡ്യൂളില്‍ ക്ലിക്ക് ചെയ്ത് വേണം നടപടികള്‍ പൂര്‍ത്തിയാക്കേണ്ടത്.

റീലുകള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ളതാണ് അച്ചീവ്‌മെന്റ്‌സ് ഫീച്ചര്‍. കമ്മ്യൂണിറ്റിയുമായി സഹകരിച്ച് റീലുകള്‍ കൂടുതല്‍ ഇന്ററാക്ടീവ് ആക്കാന്‍ സഹായിക്കും. ഇന്ററാക്ടീവ് ടൂളുകളായ സ്റ്റിക്കേഴ്‌സ് , പോള്‍സ്, ക്വിസ് തുടങ്ങിയവ ഉപയോഗിച്ചാണ് ഇത് സാധ്യമാക്കുന്നത്. റീലുകള്‍ മെച്ചപ്പെടുത്തുന്നതിന് പുതിയ വഴികള്‍ കണ്ടെത്തുന്നതിന് ഉപയോക്താവിനെ സഹായിക്കുക എന്നതാണ് ഈ ഫീച്ചറിന്റെ ലക്ഷ്യം. റീല്‍ പങ്കുവെച്ച ശേഷം നോട്ടിഫിക്കേഷനില്‍ വ്യൂവില്‍ ക്ലിക്ക് ചെയ്താല്‍ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കും.